അലങ്കാര പൂക്കൃഷി, വരുമാനം ഒരു ലക്ഷത്തിലധികം

0
27

അലങ്കാര പൂക്കൃഷിയില്‍ നൂറുമേനി വിജയം കൊയ്‌തിരിക്കുകയാണ് മീററ്റ് സ്വദേശിയായ ശേഖര്‍ ചൗഹാന്‍. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹമാണ് ചൗഹാനെ വലിയൊരു പൂക്കര്‍ഷകനാക്കിയത്. ബിസിഎ, എംബിഎ ബിരുദങ്ങള്‍ നേടിയയാളാണ് ശേഖര്‍ ചൗഹാന്‍.

പഠനത്തിന് പിന്നാലെ 30,000 രൂപ ശമ്പളമുള്ള കാഷ്യറുടെ ജോലിയില്‍ പ്രവേശിച്ചു.തന്‍റെ ഗ്രാമത്തില്‍ നിന്നും വിദൂരത്തായിരുന്നു ജോലി. അതുകൊണ്ട് ദിവസവും വീട്ടിലേക്ക് വരികയെന്നത് ഏറെ പ്രയാസമായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ശേഖര്‍ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അതിന്‍റെതായ പ്രയാസങ്ങളും തോന്നിയിരുന്നു. മാത്രമല്ല ചെയ്യുന്ന ജോലിയില്‍ അദ്ദേഹം ഒട്ടും തന്നെ സംതൃപതനുമല്ലായിരുന്നു.

താത്‌പര്യമില്ലാത്ത ജോലിയില്‍ ശേഖര്‍ അധിക കാലം തുടര്‍ന്നില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് മനസിലുറപ്പിച്ച ശേഖര്‍ ജോലിയില്‍ നിന്നിറങ്ങി തന്‍റെ മദർപുര ഗ്രാമത്തിലേക്ക് തിരിച്ചു.

ശേഖറിന്‍റേത് ഒരു കര്‍ഷക കുടുംബമായിരുന്നു. അതുകൊണ്ട് തന്നെ വീടിനോട് ചേര്‍ന്ന് കൃഷി ഭൂമിയും അവര്‍ക്കുണ്ടായിരുന്നു. അങ്ങിനെയിരിക്കേയാണ് ശേഖര്‍ പൂക്കൃഷിയെ കുറിച്ച് ചിന്തിച്ചത്.

പിന്നീട് മറിച്ചൊന്നും ചിന്തിച്ചില്ല. പൂക്കൃഷിയില്‍ തന്നെ ഒരു വെറൈറ്റി പരീക്ഷിക്കാന്‍ ശേഖര്‍ തീരുമാനിച്ചു. സാധാരണ കാണുന്ന ചെണ്ടുമല്ലിയോ മുല്ലയോ ഒന്നുമല്ല അലങ്കാരത്തിന് ഉപയോഗിക്കുന്ന ജെര്‍ബെറ പൂക്കളാണ് കൃഷിയിക്കായി തെരഞ്ഞെടുത്തത്. ഈ പൂക്കളെ ആഫ്രിക്കന്‍ ഡേയ്‌സി എന്നും അറിയപ്പെടാറുണ്ട്.

വീടിനോട് ചേര്‍ന്നുള്ള കുറച്ച് സ്ഥലം ഇതിനായി ശേഖര്‍ തെരഞ്ഞെടുത്തു. പരീക്ഷണമെന്നോണം പൂക്കൃഷിയും ഇറക്കി. ദിവസവും അവയെ കൃത്യമായി പരിചരിച്ചും വെള്ളം നനച്ചും വളപ്രയോഗം നടത്തിയും ശേഖര്‍ കൃഷിയിടത്തെ നന്നായി പരിചരിച്ചു. ചെടികള്‍ വളര്‍ന്ന് വലുതായി പൂക്കള്‍ വിരിഞ്ഞ് തുടങ്ങി. വെറും പൂക്കളല്ലിത് ശേഖറിന്‍റെ സ്വപ്‌നമാണ് ഓരോ ചെടികളിലും പൂവിട്ടത്.

മനോഹരമായ ഈ പൂക്കള്‍ക്ക് വിപണി കണ്ടെത്താനും ശേഖറിന് പ്രയാസമൊന്നും ഉണ്ടായില്ല. പരീക്ഷണ കൃഷി തന്നെ വിജയിച്ചത് പൂക്കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായി. അങ്ങനെ കൃഷിക്കായി കൂടുതല്‍ സ്ഥലമൊരുക്കി.

2000 ചതുരശ്ര മീറ്ററിലധികം വിസ്‌തീര്‍ണത്തില്‍ കൃഷി തുടങ്ങി. പോളി ഹൗസിലാണ് കൃഷി ചെയ്‌തത്. രണ്ടാം കൃഷിയും പ്രതീക്ഷിച്ചതിലധികം വിളവ് നല്‍കിയപ്പോള്‍ ശേഖരിനത് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു.

2017 ആയപ്പോഴേക്കും ആദ്യത്തേതിന് സമാനമായ മറ്റൊരു പോളി ഹൗസും കൂടി ശേഖര്‍ നിര്‍മിച്ചു. കഴിഞ്ഞ ഏട്ട് വര്‍ഷമായി ഇത്തരത്തില്‍ കൃഷിയിറക്കാന്‍ തുടങ്ങിയിട്ട്. രണ്ട് പോളി ഹൗസിലായി ആറ് ജോലിക്കാരും ഇപ്പോള്‍ സഹായികളായുണ്ട്.

ചെടികളെ പരിചരിക്കാനും വിളവെടുപ്പിനും അവ വിപണിയിലെത്തിക്കാനുമെല്ലാം ഇവര്‍ ശേഖറിനെ സഹായിക്കും. മാത്രമല്ല ശേഖറിന്‍റെ കുടുംബവും ജോലിയില്‍ സഹായിക്കാറുണ്ട്. താന്‍ ആദ്യം ചെയ്‌ത ജോലിയേക്കാള്‍ എനിക്ക് ഇഷ്‌ടം പൂക്കൃഷിയാണെന്ന് ശേഖര്‍ പറയുന്നു.

ആ ജോലി തന്നെ വീട്ടില്‍ നിന്നും അകറ്റി. എന്നാല്‍ ഈ ജോലി തനിക്ക് വീട്ടില്‍ നിന്ന് ചെയ്യാന്‍ സാധിക്കുന്നുണ്ട്. മാത്രമല്ല കൂടുതല്‍ സമ്പാദിക്കാനും കഴിയുന്നുണ്ട്. കൃഷിക്ക് ആവശ്യമായ മുഴുവന്‍ ചെലവുകളും കഴിഞ്ഞ് ഒരു ലക്ഷത്തിലധികം രൂപ തനിക്ക് സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്നും ശേഖര്‍ ചൗഹാന്‍ പറയുന്നു.

ജെര്‍ബെറ പൂക്കള്‍ മാത്രമല്ല റോസും ഇപ്പോള്‍ ശേഖര്‍ കൃഷി ചെയ്യുന്നുണ്ട്. ഇവ രണ്ടും അലങ്കാരത്തിന് ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. വിവാഹ സീസണില്‍ ഈ പൂക്കള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് തൊഴിലുകളെ പോലെ തന്നെ പൂക്കൃഷി ചെയ്യാനും ഏറെ കഠിനാധ്വാനം ആവശ്യമാണ്. ചെടികള്‍ നന്നായി പരിപാലിക്കേണ്ടതുണ്ട്. എന്നാലാണ് കൂടുതല്‍ മനോഹരമായ പൂക്കള്‍ വിരിയുക. മാത്രമല്ല പൂക്കള്‍ തുടര്‍ച്ചയായി വിരിയുകയാണെങ്കില്‍ ചെടികള്‍ ചെറിയ രീതിയില്‍ ശ്രദ്ധയോടെ മുറിച്ച് കൊടുക്കേണ്ടതുണ്ട്.

കഠിനാധ്വാനം ചെയ്യുന്നതിന് ഉറപ്പായും ഫലം ലഭിക്കുമെന്നതിന് ഉദാഹരണമാണ് ശേഖര്‍ ചൗഹാന്‍. നിലവില്‍ കൃഷി ചെയ്‌തിട്ടുള്ള ചെടികള്‍ പൂനെയില്‍ നിന്നും എത്തിച്ചിട്ടുള്ളതാണ്. ഒരിക്കല്‍ നട്ട് പിടിപ്പിച്ചാല്‍ നാലോ അഞ്ചോ തവണ ഇതില്‍ പൂക്കള്‍ വിരിയും. ചെടികള്‍ക്ക് അധികം കേടുപാടുകളൊന്നും വരാറില്ല.

ഏതെങ്കിലും രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നിയാല്‍ അതിന് ആവശ്യമായ മരുന്ന് സ്‌പ്രേ ചെയ്യാറുണ്ടെന്ന് ശേഖര്‍ പറഞ്ഞു. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ജെര്‍ബെറ പൂക്കള്‍ക്ക് വലിയ ഡിമാന്‍ഡ്. ഇക്കാലയളില്‍ വലിയ തുക സമ്പാദിക്കാനാകും. റോസ് പൂക്കള്‍ക്ക് ഏറെ ഡിമാന്‍ഡുള്ളത് വാലന്‍റൈന്‍സ്‌ ഡേയുള്ള ഫെബ്രുവരി മാസത്തിലാണെന്നും ശേഖര്‍ പറഞ്ഞു.

പഠനം പൂര്‍ത്തിയാക്കുന്ന യുവാക്കള്‍ ആവശ്യത്തിന് ശമ്പളവും സംതൃപ്‌തിയും ലഭിക്കുന്നില്ലെങ്കില്‍ മറ്റ് ജോലികള്‍ക്ക് പുറകെ പോകരുത്. അവര്‍ക്ക് അവരുടേതായ സ്വന്തം സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. പൂക്കൃഷി പോലെ സ്വന്തമായി തുടങ്ങാവുന്ന നിരവധി സംരംഭങ്ങള്‍ വെറേയും ഉണ്ടെന്ന് ശേഖര്‍ പറഞ്ഞു.

പോളി ഹൗസുകളില്‍ നല്ല വരുമാനം ലഭിക്കുന്ന നിരവധി കൃഷികള്‍ ചെയ്യാവുന്നതാണ്. നമ്മുക്ക് നല്ല വരുമാനം ലഭിക്കുന്നതോടൊപ്പം നല്ലൊരു തൊഴില്‍ ദാതാവാകും സാധിക്കുമെന്നും ശേഖര്‍ പറഞ്ഞു. ബാക്കി വരുന്ന ഭൂമിയില്‍ കൃഷിയിറക്കിയ കരിമ്പില്‍ നിന്നാണ് കുടുംബത്തിന്‍റെ മുഴുവന്‍ ചെലവുകളും കഴിയുന്നതെന്ന് ശേഖറിന്‍റെ പിതാവ് സത്യവീര്‍ ചൗഹാന്‍ പറഞ്ഞു. എന്നാല്‍ എട്ട് വര്‍ഷം മുമ്പ് വ്യത്യസ്‌തമായൊരു കൃഷി ചെയ്യാന്‍ അവന്‍ താത്‌പര്യം പ്രകടിപ്പിച്ചപ്പോള്‍ ഞങ്ങള്‍ സമ്മതം മൂളി.

തുടക്കത്തില്‍ പരാജയ ഭീതിയുണ്ടായിരുന്നു. എന്നാലിപ്പോള്‍ മകനെ കുറിച്ചോര്‍ക്കുമ്പോള്‍ ഏറെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പൂക്കൃഷി ചെയ്യുന്നതിനെ കുറിച്ച് പലരും സംശയങ്ങളുമായി മകനെ തേടിയെത്താറുണ്ട്. അത് കാണുമ്പോള്‍ ഏറെ സന്തോഷമാണെന്നും സത്യവീര്‍ ചൗഹാന്‍ പറഞ്ഞു.

കൃഷിയിടത്തില്‍ നിന്നും വിളവെടുക്കുന്ന പൂക്കള്‍ ഡല്‍ഹിയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പേയ്‌മെന്‍റുകള്‍ തത്ക്ഷണം തന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുമെന്നും ശേഖര്‍ പറഞ്ഞു. പോളിഹൗസിൽ ജോലി ലഭിക്കുന്നതുവരെ എനിക്ക് ഒരു ജോലിയും ഉണ്ടായിരുന്നില്ല. ഇത് എന്‍റെ കുടുംബത്തിന് സാമ്പത്തികമായി വലിയ സഹായമാണെന്ന് ജോലിക്കാരില്‍ ഒരാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here