തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കെടുകാര്യസ്ഥത തുറന്നുകാട്ടിയ ഡോ. ഹാരിസ് ഹസനെതിരെ വകുപ്പുതല നടപടിക്ക് നീക്കം. ഡോ. ഹാരിസ് വെളിപ്പെടുത്തിയതെല്ലാം അസത്യമാണെന്നാണ് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്. ഇതോടെ, വാദി പ്രതിയാകുന്ന അവസ്ഥയാണ്. വകുപ്പുമന്ത്രി അവഹേളിക്കപ്പെടാനും, പ്രതിപക്ഷത്തിന് സമരത്തിനുള്ള വഴിയൊരുക്കാനും ഡോ. ഹാരിസ് ശ്രമിച്ചെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ഡോക്ടറുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ പോലും ആരോഗ്യമന്ത്രിക്കെതിരെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലെന്ന ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ ആരോഗ്യവകുപ്പിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരുന്നു. ആദ്യം ഡോ ഹാരിസിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രി പിന്നീട് നിലപാട് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ഡോ. ഹാരിസിനെ തള്ളി രംഗത്തുവന്നതോടെയാണ് മന്ത്രി വീണാ ജോര്‍ജും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഹാരിസിന്റെ പരാമര്‍ശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഇതോടെ ഡോ. ഹാരിസിനെതിരെ ആരോപണവുമായി സിപിഐഎമ്മും രംഗത്തെത്തി. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഡോ. ഹാരിസിനെ പ്രതിക്കൂട്ടിലാക്കുന്ന വസ്തുതകളായിരുന്നു. ഡോ. ഹാരിസ് ചട്ടലംഘനം നടത്തിയതായും, ഉപകരണങ്ങള്‍ ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ശസ്ത്രക്രിയാ ഉപകരണങ്ങളില്‍ ചിലത് കാണാനില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ള മറ്റൊരു സുപ്രധാന ആരോപണം.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ കാണാനില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ എന്ന നിലയില്‍ ഡോ ഹാരിസിനെ കുരുക്കാനായുണ്ടാക്കിയതാണെന്നാണ് ഉയരുന്ന ആരോപണം. മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലെന്ന വിവരം ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ എന്ന നിലയില്‍ ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍, ഇത് തെറ്റാണന്ന് ഡോ. ഹാരിസ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഡോ. ഹാരിസ് ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ച കത്ത് പുറത്തായ സാഹചര്യത്തില്‍ അന്വേഷണസംഘം മനപൂര്‍വം ഡോക്ടറെ കുരുക്കിലാക്കാനായി ഉണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്ന് വ്യക്തം.







