ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യാക്കോബായ സഭ. വിടവാങ്ങിയത് നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യൻ ആണെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. ലാളിത്യത്തിൻ്റെ മഹാ ഇടയനായിരുന്നു ഫ്രാൻസ് മാർപാപ്പ. അദ്ദേഹത്തിന്റെ വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് കൂട്ടിച്ചേർത്തു.
മാർപാപ്പയുടേത് അപ്രതീക്ഷിത വിടവാങ്ങല്ലെന്ന് കോഴിക്കോട് രൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. വാർത്ത കേട്ടത് ഞെട്ടലോടെയാണെന്നും തന്നെ മഹത്തായ സ്ഥാനം നൽകി ആദരിച്ചത് ഫ്രാൻസിസ് മാർപാപ്പയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറേക്കാലം കൂടി അദ്ദേഹം നമ്മളോടൊപ്പം ഉണ്ടാകും എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ ദുഃഖ വാർത്ത പുറത്തുവരുന്നത്. അദ്ദേഹത്തിൻറെ വിടവാങ്ങലിൽ താൻ പ്രാർത്ഥന അർപ്പിക്കുന്നുവെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു.
2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകൾകൊണ്ടും ഫ്രാൻസിസ് മാർപാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങൾക്കിടയിലെ ആശയവിനിമയത്തെ ഫ്രാൻസിസ് മാർപാപ്പ പിന്തുണച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് വേണ്ടി പ്രാർഥിച്ചു. സമാധാനത്തിന് വേണ്ടിയും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.