മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസില്‍ (മുഡ ഭൂമിയിടപാട്) കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ലോകായുക്ത നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.
മുഡ ഭൂമിയിടപാടില്‍ ലോകായുക്ത പൊലീസിന്റെ അന്വേഷണം തെറ്റായതോ, പക്ഷപാതപരമോ ആണെന്നതിന് നിലവിലെ രേഖകളില്‍ നിന്നും വ്യക്തമാകുന്നില്ല. അതിനാല്‍ കൂടുതല്‍ അന്വേഷണത്തിനോ പുനരന്വേഷണത്തിനോ വേണ്ടി കേസ് സിബിഐക്ക് കൈമാറുന്നില്ല എന്നും, ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി അറിയിച്ചു. മൂഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്‌ക്കെതിരെ ലോകായുക്ത പൊലീസ് അന്വേഷണത്തിന് ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.
കേസില്‍ സിദ്ധരാമയ്യ ഒന്നാം പ്രതിയും, ഭാര്യ പാര്‍വതി രണ്ടാം പ്രതിയുമായിരുന്നു. 2010ല്‍ സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് സഹോദരന്‍ മല്ലികാര്‍ജുനസ്വാമി നല്‍കിയ 3.2 ഏക്കര്‍ ഭൂമിയാണ് വിവാദത്തിന് കാരണം. മൈസൂരു നഗര വികസന അതോറിറ്റി ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് പാര്‍വതി നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് 14 സൈറ്റുകള്‍ അനുവദിച്ചു. എന്നാല്‍ ഈ പ്ലോട്ടുകള്‍ യഥാര്‍ഥ ഭൂമി വിലയേക്കാള്‍ ഉയര്‍ന്നതാണെന്നാണ് ആരോപണം.