ദിലീപുമായുള്ള താരതമ്യത്തിന് താല്‍പര്യമില്ലെന്ന് ബേസില്‍ ജോസഫ്, ‘ സ്വന്തമായ ഐഡന്റിറ്റി ഉണ്ടാകണം’

0
28

മലയാള സിനിമയില്‍ അടുത്ത കാലത്തായി തുടര്‍ച്ചയായി ബോക്‌സോഫീസ് ഹിറ്റുകള്‍ സമ്മാനിക്കുന്ന താരമാണ് ബേസില്‍ ജോസഫ്. സംവിധായകനായി എത്തി മിനിമം ഗ്യാരണ്ടിയുടെ നടനായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. 2024 ല്‍ ബേസില്‍ ജോസഫ് നായകനായി എത്തിയ ഏഴ് സിനിമകളില്‍ ആറും ഹിറ്റായി മാറിയിരുന്നു. ഇതോടെ അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജും താരത്തിന് ലഭിച്ചു.

ജാനേമന്‍, പാല്‍ത്തൂജാന്‍വര്‍, ജയ ജയ ജയഹേ, ഫാലിമി, ഗുരുവായൂരമ്പല നടയില്‍, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങളാണ് 2024 ല്‍ ബേസില്‍ ഹിറ്റാക്കിയത്. വലിയ കൈയടി കിട്ടിയില്ലെങ്കിലും നുണക്കുഴിയും കളക്ഷനില്‍ ഭേദപ്പെട്ട് നിന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളായ അജയന്റെ രണ്ടാം മോഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം, വാഴ എന്നീ ചിത്രങ്ങളിലും ബേസില്‍ ജോസഫിന് ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചിരുന്നു.
ഇതോടെ മുമ്പ് ദിലീപിന് ലഭിച്ചിരുന്നത് പോലുള്ള സ്വീകാര്യതയാണ് ബേസിലിനെ തേടിയെത്തുന്നത്. അടുത്ത ജനപ്രിയനായകന്‍ എന്ന വിശേഷണവും സോഷ്യല്‍ മീഡിയയില്‍ പലരും ബേസിലിന് ചാര്‍ത്തിക്കൊടുത്തിരുന്നു. ഇപ്പോഴിതാ തന്നെ ദിലീപുമായി താരതമ്യം ചെയ്യുന്നതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്. തന്നെ ആള്‍ക്കാര്‍ സ്‌നേഹിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട് എന്ന് ബേസില്‍ പറഞ്ഞു.

എന്നാല്‍ തനിക്ക് തന്റേതായ ഐഡന്റിറ്റി ഉണ്ടാകണം എന്നാണ് ആഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി. പ്രാവിന്‍കൂട് ഷാപ്പ് എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ബേസിലിന്റെ പ്രതികരണം. ‘അദ്ദേഹം (ദിലീപ്) അത്തരത്തിലുള്ള സിനിമകള്‍ ചെയ്ത് ഉണ്ടാക്കിയെടുത്ത ഒരു പേരാണ്. എന്നെ ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതില്‍ സന്തോഷം. പക്ഷെ എനിക്ക് എന്റേതായിട്ടുള്ള ഐഡന്റിറ്റി ഉണ്ടാകണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അദ്ദേഹത്തിന്റെ (ദിലീപ്) ലെഗസി എന്ന് പറയുന്നത് അദ്ദേഹം മാത്രമായിട്ട് ഉണ്ടാക്കിയെടുത്തതാണ്. അദ്ദേഹവുമായി കംപയര്‍ ചെയ്യപ്പെടാന്‍ എനിക്ക് താല്‍പര്യമില്ല,’ എന്നായിരുന്നു ബേസിലിന്റെ മറുപടി. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായ പ്രാവിന്‍കൂട് ഷാപ്പ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

ബേസിലിനെ കൂടാതെ സൗബിന്‍ ഷാഹിര്‍, ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യദിനം തന്നെ ഭേദപ്പെട്ട പ്രതികരണം നേടാന്‍ ചിത്രത്തിനായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here