ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പഠന സാധ്യതകള്‍ തേടി ഓരോ വര്‍ഷവും രാജ്യം വിടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്തകാലത്ത് ഉണ്ടായതെന്ന് ഇത് സംബന്ധിച്ച് അടുത്തകാലത്ത് വന്ന കണക്കുകള്‍ പറയുന്നു. എന്നാല്‍, ഇന്ത്യയില്‍ നടത്തുന്ന ഒരു ഹ്രസ്വകാല കോഴ്സിന് വിദേശത്ത് നിന്ന് ഒരു പഠിതാവെത്തിയത് ഏവരെയും ആശ്ചര്യപ്പെടുത്തി. മറ്റാരുമല്ല അത് അഫ്ഗാനില്‍ നിന്ന് താലിബാന്‍ ആയിരുന്നു അത്. ഇന്ത്യന്‍ ചിന്തകളില്‍ അവഗാഹം തേടുന്നതിനായി കോഴിക്കോട് ഐഐഎം നടത്തുന്ന നാല് ദിവസത്തെ ഹ്രസ്വകാല കോഴ്സിനാണ് അഫ്ഗാനില്‍ നിന്ന് താലിബാന്‍ ഭരണകൂടത്തിന്‍റെ ഭാഗമായവര്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്‍റെ ക്ഷണമനുസരിച്ചാണ് താലിബാന്‍ പ്രതിനിധികള്‍ കോഴ്സിന്‍റെ ഭാഗമായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്‌സിൽ മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിന്‍റെ സഹകരണത്തോടെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഈ ഹ്രസ്വകാല കോഴ്‌സ് നടത്തുന്നത്. ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായ എല്ലാ രാജ്യങ്ങളെയും വിദേശകാര്യ മന്ത്രാലയം കോഴ്‌സിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 16 മുതല്‍ അടുത്ത 19 -ാം തിയതിവരെയാണ് ക്ലാസുകള്‍ നടക്കുക. ജനുവരിയിലായിരുന്നു കോഴ്സ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാര്‍ച്ച് 14 മുതല്‍ 17 വരെയുള്ള തിയതിയിലേക്ക് മാറ്റി. കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം, സാംസ്കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയും മറ്റും അനുഭവിക്കാനും പഠിക്കാനും അവസരം ലഭിക്കുമെന്നും സംഘാടകർ അവകാശപ്പെടുന്നു.
ITEC വെബ്‌സൈറ്റിലെ വിശദാംശങ്ങൾ അനുസരിച്ച്, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ്സ് നേതാക്കൾ, എക്‌സിക്യൂട്ടീവുകൾ, സംരംഭകർ എന്നിവർ ചേർന്ന് പരമാവധി 30 പേർ ഈ ഹ്രസ്വകാല കോഴ്സില്‍ പങ്കെടുക്കും. കാബൂളിൽ നിന്ന് നിരവധി പേർ പങ്കെടുക്കുന്നുണ്ടെന്നും അവർക്ക് ഇതിനായി ഇന്ത്യയിലേക്ക് വരേണ്ടതില്ല. കാരണം, കോഴ്‌സ് ഓൺലൈനാണ്.
2021 ഓഗസ്റ്റ് 15 ന് അഫ്ഗാനിലെ ജനാധിപത്യ സര്‍ക്കാറിനെ ആയുധബലം കൊണ്ട് തെരുവ് യുദ്ധത്തിലൂടെ അട്ടിമറിച്ച് താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചെടുത്തത്. പിന്നാലെ ലോക രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുകയും സാമ്പത്തിക രാഷ്ട്രീയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ താലിബാനുമായി ബന്ധം പുലര്‍ത്തിയത് ഇന്ത്യയുടെ അതിര്‍ത്തികളില്‍ പുതിയ ബലതന്ത്രം രൂപപ്പെടുത്തി. ഇതേ തുടര്‍ന്ന് 2022 ജൂലൈയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ വീണ്ടും നയതന്ത്രകാര്യാലയം തുറന്നു. എന്നാല്‍, ഇതിനെ സാങ്കേതിക സംഘമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. അഫ്ഗാനിലെ മാനുഷിക സഹായം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു നീക്കമെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.