ശബരിമല: ഒരു നാരങ്ങകൊണ്ട് അഞ്ച് നാരങ്ങാവെള്ളം വരെ ഉണ്ടാക്കി സ്വാമിമാരെ ചൂഷണംചെയ്ത കടക്കാരന് 5000 രൂപ പിഴയീടാക്കി. എന്തുകൊടുത്താലും കുടിച്ചുകൊള്ളും എന്ന ധാരണയിൽ അയ്യപ്പൻമാരെ കാണുന്ന കാലം പോയെന്ന് ഇവരെ ഓർമിപ്പിക്കുകയാണ് സന്നിധാനത്തെ ഡ്യൂട്ടി മജിസ്ട്രേട്ട് സജികുമാറും സംഘവും. പരാതി വ്യാപകമായപ്പോൾ പരിശോധനയ്ക്കിറങ്ങിയ ഇവർക്ക് കടകളിലെ ചൂഷണം ബോധ്യപ്പെട്ടു.
സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവൻ ഹോട്ടൽ എന്നിവയിൽനിന്ന് 5000 രൂപ പിഴ ഈടാക്കി. ജ്യൂസ് കടയിൽ അളവിലും ഗുണത്തിലും വിലയിലും തട്ടിപ്പുനടത്തിയതായി കണ്ടെത്തി. 43 രൂപ വില നിശ്ചയിച്ച തണ്ണിമത്തൻ ജ്യൂസിന് 54 രൂപ വാങ്ങിയതായും കണ്ടെത്തി. വെട്ടിപ്പ് തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്ട്രേറ്റ് നൽകി. 120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിധാനത്തിന് സമീപമുള്ള പാത്രക്കടയിൽ 150 രൂപയാണ് ഈടാക്കിയിരുന്നത്.
കൊള്ളവില പരസ്യമായി എഴുതിവെച്ചായിരുന്നു കച്ചവടം. ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയതിന് പാണ്ടിത്താവളത്തിലെ ഹോട്ടലിനും പിഴയിട്ടു. രാവിലെ നടത്തിയ പരിശോധനയിൽ കടകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിരുന്നു. ഇവർക്ക് താക്കീത് നൽകി. താക്കീത് നൽകിയിട്ടും തട്ടിപ്പ് തുടർന്ന കടകൾക്കാണ് പിഴയിട്ടത്.