മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നീണ്ട ഇടവേളക്ക് ശേഷം വിനയൻ സംവിധാനം ചെയ്യുന്നൊരു ചിത്രവും ആ സിനിമയിൽ സിജുവിനെ പോലൊരു നടൻ അഭിനയിക്കുന്നു എന്നതും സിനിമയെ സോഷ്യൽ മീഡിയ പേജുകളിൽ ചർച്ചയാക്കി.
ഇത്തരമൊരു ബിഗ് ബജറ്റ് ചിത്രത്തിൽ സിജുവിനെ നായകനാക്കിയതിനെതിരെയും നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാ മുൻവിധികളേയും തച്ചുടച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു സിജു വിത്സൺ പത്തൊമ്പതാം നൂറ്റാണ്ടിൽ കാഴ്ച വെച്ചത്.
‘തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സിംഹഗര്‍ജ്ജനമുള്ള ഒരു കഥാപാത്രം ഉണ്ടാകുമായിരുന്നു. അദ്ദേഹം വിലക്കിന്റെ പീഡനമനുഭവിച്ച് മരിച്ചത് എന്നെ സംബന്ധിച്ച് വലിയ സങ്കടം നല്‍കുന്നതാണ്.’ ‘തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല അദ്ദേഹത്തെപ്പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്. സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല. അദ്ദേഹം എന്റെ മുമ്പില്‍ വെച്ച് ഒരിക്കല്‍ പൊട്ടിത്തെറിച്ച് കരഞ്ഞുപോയി. ഞാനത് ഒരിക്കലും മറക്കുകയില്ല’ എന്നാണ് വിനയന്‍ തിലകനെ അനുസ്മരിച്ച് പറഞ്ഞത്. മലയാള സിനിമയിൽ ഔദ്യോഗികമായി നായക വേഷങ്ങളിൽ ചുരുങ്ങാതെ യഥാർഥ നായകനായി തിളങ്ങുകയും ആരാധക പ്രീതി പിടിച്ചുവാങ്ങുകയും ചെയ്ത അഭിനയ പ്രതിഭയാണ് തിലകൻ.
പോസ്റ്ററുകളിൽ തിലകൻ എന്ന നടനെ പേരോ ചിത്രമോ ഇല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ സിനിമകൾ ജനങ്ങൾ കണ്ടു… ആസ്വദിച്ചു. അത് ആ നടന്റെ അഭിനയ മികവിനുള്ള അംഗീകാരമാണ്. മലയാള സിനിമയുടെ പെരുന്തച്ചനെന്ന് തിലകനെ വിശേഷിപ്പിക്കുന്നത് ആ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണെന്ന് പറയുന്നത് ശരിയല്ല. തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും അച്ചുകളിൽ മെരുങ്ങിയ കഥാപാത്രങ്ങളെ ഭാവപൂർണ്ണതയോടെ വെള്ളിത്തിരയിൽ അദ്ദേഹം മൂർച്ചകൂട്ടി ഒരുക്കിയെടുത്തു. തന്റെ ശബ്ദഗാംഭീര്യം കൊണ്ട് അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാതെ ഓരോ കഥാപാത്രങ്ങളെയും വിജയിപ്പിച്ചെടുക്കാൻ തിലകന് സാധിച്ചു എന്നത് കൊണ്ട് കൂടിയാണ്.
നടനാകാൻ വേണ്ടി ജനിച്ച വ്യക്തി എന്ന ഈ വാക്കുകൾ തിലകന് തന്നെ ചേർന്നതാണ്. നാടകത്തിലായാലും സിനിമയിലായാലും തിലകന് പകരംവയ്ക്കാൻ മറ്റൊരാളില്ലെന്ന് പറയാത്ത മലയാളികൾ ചുരുക്കമാണ്. അപ്രിയ സത്യങ്ങള്‍ വിളിച്ച് പറഞ്ഞതിലൂടെ സിനിമാ ലോബിയ്ക്ക് മുന്നിൽ നിഷേധിയായ തിലകനെ നീണ്ടകാലം അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തിയിരുന്നു മലയാള സിനിമ. അസൂയയും കഴിവില്ലായ്മയും മറയ്ക്കാന്‍ പലരും സംഘം ചേര്‍ന്ന് നടത്തിയതാണ് ഈ ബഹിഷ്‌കരിക്കലെന്ന് പിന്നീട് നിരവധി പേർ തിലകനെ അനുസ്മരിക്കവെ പറഞ്ഞു.
‘ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന കുറ്റത്തിന് മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് അമ്മ മാപ്പുപറയുമായിരിക്കും… അല്ലേ? താരസംഘടനയായ അമ്മ’യെന്ന് സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ ഒരിക്കൽ കുറിച്ച വാക്കുകൾ ഒരിക്കൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. തിലകനെപ്പോലെ തന്നെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരിലാണ് വിനയനേയും മലയാള സിനിമ മാറ്റി നിർത്തിയിരുന്നത്.