തിരുവനന്തപുരം: കൊവിഡ് 19നുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിയെ മറികടക്കാന്‍ മരുന്നിനും വാക്‌സിനുമായി ശാസ്‌ത്രലോകം തീവ്രപരിശ്രമം നടത്തുന്ന ഘട്ടത്തില്‍ അശാസ്‌ത്രീയ പ്രചരിപ്പിക്കരുത്, ശാസ്‌ത്രലോകത്തിന് പിന്തുണ നല്‍കുകയാണ് ഉത്തരവാദിത്വമുള്ളവര്‍ ചെയ്യേണ്ടത് എന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
പ്രകൃതിയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അശാസ്‌ത്രീയ മാര്‍ഗങ്ങളുടെ പിന്നാലെ പോകുന്നത് ഒരു പ്രവണതയാണ്. പ്രതിവിധിയായി ശാസ്‌ത്രീയ പിന്‍ബലമില്ലാത്ത മാര്‍ഗങ്ങളെയും ആശ്രയിക്കാറുമുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ നിരവധിയാണ്. വെറും ജലദോഷം പോലുള്ള അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധ ശക്തിയുണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ആദ്യം ശരീരത്തില്‍ പ്രവേശിക്കണം എന്ന് മറ്റൊന്ന്. കുട്ടികള്‍ക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു തെറ്റായ പ്രചാരണം. മികച്ച രോഗ പ്രതിരോധ ശേഷിയുള്ളവരെ കൊവിഡ് ബാധിക്കില്ല എന്നുപറയുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിന് അപ്പുറം രോഗബാധയുണ്ടാവില്ല എന്നും പറയുന്നവരും ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ സുരക്ഷിതമാണ് എന്ന് വാദിക്കുന്നവരുമുണ്ട്.