ഹൃദയസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ, പലരുടേയും മനസിലേക്ക് ഓടിവരുന്നത് പെട്ടെന്നുണ്ടാകുന്ന തീവ്രമായ നെഞ്ചുവേദനയായിരിക്കും. എന്നാൽ, ഹൃദയപ്രശ്നങ്ങൾ എല്ലായ്പ്പോഴും ഇത്തരമൊരു പെട്ടെന്നുണ്ടാവുന്നതും ശക്തവുമായ വേദനയോടെ ആരംഭിക്കണമെന്നില്ല. ചില ഹൃദ്രോഗാവസ്ഥകളിൽ, ഹൃദയവുമായി നേരിട്ട് ബന്ധമില്ലാത്തതാണെന്ന് തോന്നുന്ന തരത്തിലുള്ള ലക്ഷണങ്ങളായിരിക്കും പ്രകടമാവുക.
ഇത്തരം ലക്ഷണങ്ങളെ പലപ്പോഴും അവഗണിക്കുകയും വെറും ക്ഷീണമോ ദഹനക്കേടോ അല്ലെങ്കിൽ ഗ്യാസ് മൂലമുള്ള പ്രശ്നങ്ങളോ ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യാറുണ്ട്. ഗാന്ധിധാമിലെ സ്റ്റെർലിങ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഫിസിഷ്യനും ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റുമായ ഡോ. ആകാശ് പട്ടേൽ പറയുന്നതനുസരിച്ച്, ഇത്തരം സൂക്ഷ്മമായ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് പ്രായമായവർ, സ്ത്രീകൾ, പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവർ, പുകവലിക്കുന്നവർ അല്ലെങ്കിൽ പുകയില ഉപയോഗിക്കുന്നവർ.
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കാരണമില്ലാതെയുള്ള ക്ഷീണമോ ശാരീരിക ശേഷിയിലുണ്ടാകുന്ന കുറവോ—നേരത്തെ അനായാസം നടക്കാനും, പടികൾ കയറാനും, ദൈനംദിന കാര്യങ്ങൾ ചെയ്യാനും സാധിച്ചിരുന്ന ഒരാൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയോ ശ്വാസംമുട്ടൽ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് അവഗണിക്കരുത്. ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിൻ്റെ സൂചനയാകാം ഇത്.
ക്ഷീണത്തിന് പല കാരണങ്ങളുണ്ടാകാമെങ്കിലും, ശാരീരിക അധ്വാനത്തിൽ ഏർപ്പെടുമ്പോൾ ശാരീരിക ശേഷിയിൽ തുടർച്ചയായി കുറവുണ്ടാകുന്നത് കേവലം പ്രായം, മാനസിക സമ്മർദ്ദം, അല്ലെങ്കിൽ ശാരീരികക്ഷമതയുടെ കുറവ് എന്നിവയായി മാത്രം കണ്ട് തള്ളിക്കളയരുത്. ഇത്തരം സാഹചര്യങ്ങളിൽ ഒരു വൈദ്യപരിശോധന അനിവാര്യമാണ്. ദൈനംദിന പ്രവർത്തനങ്ങൾക്കിടയിലുള്ള ശ്വാസംമുട്ടൽ—ഇത് പലപ്പോഴും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണെന്ന് കരുതാറുണ്ടെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലവും ഉണ്ടാകാം.
നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ വീട്ടുജോലികൾ ചെയ്യുമ്പോഴോ നിങ്ങൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഹൃദയത്തിന് രക്തം ഫലപ്രദമായി പമ്പ് ചെയ്യാൻ കഴിയുന്നില്ലെന്നോ, അല്ലെങ്കിൽ ഹൃദയവുമായി ബന്ധപ്പെട്ട ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നമുണ്ടെന്നോ ആകാം ഇതിനർഥം. ഈ ശ്വാസംമുട്ടൽ ക്രമേണ വഷളാവുകയോ, ചെറിയ ശാരീരിക അധ്വാനത്തിൽ പോലും ശ്വാസംമുട്ടൽ അനുഭവപ്പെടുകയോ, ഒപ്പം കാലുകളിൽ നീര് വരികയോ, കിടക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ, ഉടൻ തന്നെ ഒരു ഹൃദ്രോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
ദഹനക്കേട്, ഓക്കാനം, അല്ലെങ്കിൽ വയറിൻ്റെ മുകൾഭാഗത്ത് അസ്വസ്ഥത—ദഹനക്കേടുണ്ടാകുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ടാകണമെന്നില്ല. എന്നാൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും അസിഡിറ്റിയോ മറ്റ് ദഹനവ്യവസ്ഥാ പ്രശ്നങ്ങളോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
ഓക്കാനം, വിയർപ്പ്, വയറിൻ്റെ മുകൾഭാഗത്ത് അസ്വസ്ഥതയോ ഭാരമോ അനുഭവപ്പെടുക—പ്രത്യേകിച്ചും ശാരീരിക അധ്വാനത്തിനിടയിൽ—എന്നിവ അവഗണിക്കരുത്. സ്ത്രീകളിലും, പ്രായമായവരിലും, പ്രമേഹരോഗികളിലും ഹൃദ്രോഗ ലക്ഷണങ്ങൾ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കാം എന്നതിനാൽ, ഇവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം.
തലകറക്കം, ബോധക്ഷയം, അല്ലെങ്കിൽ ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ—കാരണമില്ലാതെ തലകറക്കം, ബോധക്ഷയം, അല്ലെങ്കിൽ പെട്ടെന്ന് ഹൃദയമിടിപ്പ് കൂടുകയോ താളം തെറ്റുകയോ ചെയ്യുന്നത് ഹൃദയമിടിപ്പിലെ ക്രമക്കേടുകളെയോ (heart rhythm disturbance) ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളെയോ സൂചിപ്പിക്കുന്നതാവാം. ഇത് ആവർത്തിച്ച് സംഭവിക്കുന്നുണ്ടെങ്കിൽ, കേവലം ബലഹീനതയോ നിർജ്ജലീകരണമോ (dehydration) ആണെന്ന് കരുതി അവഗണിക്കരുത്. മറിച്ച്, ഒരു വൈദ്യപരിശോധന നടത്തേണ്ടതാണ്.
സാഹചര്യത്തിനനുസരിച്ച്, ഇതിനായി ഇസിജി (ECG), രക്തസമ്മർദ്ദ പരിശോധനകൾ, കൂടാതെ ആവശ്യമെങ്കിൽ ഹൃദയമിടിപ്പ് ദീർഘനേരം നിരീക്ഷിക്കുന്ന പരിശോധനകൾ എന്നിവ വേണ്ടി വന്നേക്കാം. താടിയെല്ല്, കഴുത്ത്, തോളുകൾ, കൈകൾ, അല്ലെങ്കിൽ നടുവ് എന്നിവിടങ്ങളിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എല്ലായ്പ്പോഴും നെഞ്ചിൽ മാത്രമായി ഒതുങ്ങിനിൽക്കണമെന്നില്ല. താടിയെല്ല്, കഴുത്ത്, തോളുകൾ, കൈകൾ, നടുവ്, അല്ലെങ്കിൽ വയറിൻ്റെ മുകൾഭാഗം എന്നിവിടങ്ങളിലും ലക്ഷണങ്ങൾ പ്രകടമാകാം. തീവ്രമായ വേദനയ്ക്ക് പകരം ഒരുതരം സമ്മർദ്ദമോ, ഭാരമോ, മുറുക്കമോ അല്ലെങ്കിൽ പൊതുവായ അസ്വസ്ഥതയോ ആയിരിക്കാം അനുഭവപ്പെടുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. ശാരീരിക അധ്വാനത്തിൽ ഏർപ്പെടുമ്പോൾ കൂടുകയും, വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യുന്ന ലക്ഷണങ്ങൾ ഗൗരവമായി കാണേണ്ടവയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്.
കഠിനമായ നെഞ്ചുവേദന ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ, കഠിനമായ നെഞ്ചുവേദന ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്. പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ (കാരണമില്ലാതെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക), ശാരീരിക അധ്വാനത്തിനുള്ള ശേഷി കുറയുക, അസാധാരണമായ വിയർപ്പ്, ദഹനപ്രശ്നങ്ങൾ, ബോധക്ഷയം, അല്ലെങ്കിൽ താടിയെല്ല്, കൈകൾ തുടങ്ങിയ ഭാഗങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടുക—ഇവയെല്ലാം മുന്നറിയിപ്പ് ലക്ഷണങ്ങളാകാം.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, വൃക്കരോഗങ്ങൾ എന്നിവയുള്ളവർക്കും പുകവലിക്കുന്നവർക്കും പുകയില ഉപയോഗിക്കുന്നവർക്കും കുടുംബത്തിൽ ചെറുപ്രായത്തിൽ തന്നെ ഹൃദ്രോഗം വന്നിട്ടുള്ളവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൃത്യസമയത്തുള്ള വൈദ്യപരിശോധനകൾ, ഹൃദയസംബന്ധമായ രോഗങ്ങൾ ഗുരുതരമാകുന്നതിന് മുൻപേ കണ്ടെത്തുന്നതിന് സഹായിക്കും.







