ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളെടുക്കണമെന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സ്ത്രീകള്‍ക്കെതിരായ ആക്രമണം സംബന്ധിച്ച കേസുകളില്‍ വേഗത്തില്‍ പൊലീസ് ഇടപെടലുകള്‍ ഉണ്ടാകണമെന്നും ആഭ്യന്തര മന്ത്രാലയം. ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനും ക്രൂര മര്‍ദനങ്ങള്‍ക്കുമിടയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു രാജ്യമെങ്ങുമുണ്ടായ ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
ഇത്തരം കേസുകളില്‍ ക്രിമിനല്‍ നടപടിച്ചട്ടം 154 (1) പ്രകാരം വോറന്റില്ലാതെ അറസ്റ്റ് ചെയ്യാനാവും വിധം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം.കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാവൂ എന്ന് നിര്‍ബന്ധം പിടിക്കരുത്. പരാതി ലഭിക്കുന്ന പൊലീസ് സ്റ്റേഷനില്‍ സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതു പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസിനു കൈമാറിയാല്‍ മതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച്ച വരുന്നു ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166 എ(സി) വകുപ്പ് കോഗ്നിസബിള്‍ കുറ്റകൃത്യങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരേ എടുക്കേണ്ട നടപടികള്‍ വിശദീകരിക്കുന്നുണ്ട്. ഇതു പ്രകാരം വേണം നടപടിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മൂന്നു പേജുള്ള നിര്‍ദേശങ്ങളില്‍ പറയുന്നു