ന്യൂഡൽഹി: മൺസൂൺ ഒഴിഞ്ഞതിന് പിന്നാലെ കിഴക്കൻ തീരങ്ങളിൽ ഭീതി വിതച്ച് തുടർച്ചയായ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മൂന്ന് ശക്തമായ ചുഴലിക്കാറ്റുകളാണ് ബംഗാൾ ഉൾക്കടലിൽ ഒന്നിനുപുറകെ ഒന്നായി ആഞ്ഞടിച്ചത്. ഇത് ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള കിഴക്കൻ തീരദേശ മേഖലകളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഒക്ടോബർ അവസാനവാരം തീരത്തെ ഭീതിയിലാഴ്ത്തിയ ആദ്യ കൊടുങ്കാറ്റ് “അര്‍ണബ്” ആഞ്ഞടിച്ചു.
ആശ്വാസം തരും മുൻപേ, നവംബർ ആദ്യവാരമെത്തിയ രണ്ടാമത്തെ പ്രഹരമായിരുന്നു “മുരിശ്”. ഇതാ, ഇപ്പോൾ കൂടുതൽ തീവ്രതയോടെ അടുത്ത ഭീഷണിയായി രൂപംകൊള്ളുന്ന പുതിയ ചുഴലിക്കാറ്റ് “അക്വാൻ” ആഞ്ഞടിക്കാൻ ഒരുങ്ങുകയാണ്. ഒരു ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ നിന്നും തീരദേശ ജനതയും പ്രകൃതിയും കരകയറുന്നതിന് മുൻപ് തന്നെ അടുത്ത കൊടുങ്കാറ്റുകൾ എത്തുന്നതാണ് വെല്ലുവിളി ഇരട്ടിയാക്കുന്നത്. വരും ദിവസങ്ങളിൽ കിഴക്കൻ തീരങ്ങളിൽ അതീവ ജാഗ്രത തുടരേണ്ട സാഹചര്യമാണുള്ളത്
ഒരേ തീരത്തെ ലക്ഷ്യമിടുന്ന കൊടുങ്കാറ്റുകൾ, അപായ മുന്നറിയിപ്പ്
കാലാവസ്ഥാ ചരിത്രം പരിശോധിച്ചാൽ ഒക്ടോബർ, നവംബർ മാസങ്ങൾ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ ഏറ്റവും അനുകൂലമായ സമയമാണ്. ഈ കാലയളവിൽ സാധാരണയായി മൂന്നോളം ചുഴലിക്കാറ്റുകൾ രൂപപ്പെടാറുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര ഇടിവി ഭാരതിനോട് പ്രതികരിച്ചു. എന്നാൽ, നിലവിലെ സാഹചര്യത്തെ അസാധാരണമാക്കുന്നത് മറ്റൊന്നാണ്, രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളെല്ലാം ഒരേ ദിശയിലേക്ക്, അതായത് ആന്ധ്രാപ്രദേശ് തീരത്തേക്ക് തന്നെ തുടർച്ചയായി നീങ്ങുന്നു എന്നതാണത്. ഈ പ്രതിഭാസത്തെ വളരെ ഗൗരവമായി എടുക്കണമെന്നും രാജ്യത്തുടനീളം അല്ലെങ്കില്‍ ആഗോളതലത്തില്‍ കാലാവസ്ഥ താളം തെറ്റുന്നതിൻ്റെ സൂചനയാണ് ഇതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് വ്യക്തമാക്കി.
എൽ നിനോയും ചുഴലിക്കാറ്റുകളുടെ സഞ്ചാരപഥത്തിലുള്ള സ്വാധീനവും
മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ. ഈ താപവർധനവ് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വലിയ തോതിലുള്ള അന്തരീക്ഷ ചംക്രമണം, കാറ്റിൻ്റെ ഗതി, മഴയുടെ ലഭ്യത എന്നിവയെ സ്വാധീനിക്കുകയും ചുഴലിക്കാറ്റുകളുടെ രൂപീകരണത്തെയും സഞ്ചാരത്തെയും ബാധിക്കുകയും ചെയ്യുന്നു.
ചുഴലിക്കാറ്റുകളുടെ സഞ്ചാരപഥത്തിൽ എൽ നിനോ ചെലുത്താൻ സാധ്യതയുള്ള സ്വാധീനത്തെക്കുറിച്ച് വിശദീകരിക്കവെ, എൽ നിനോ വർഷങ്ങളിൽ ബംഗാൾ ഉൾക്കടലിലെ താഴ്ന്ന അക്ഷാംശങ്ങളിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുകയും അവ ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നതായി പൊതുവെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് മൊഹാപത്ര പറഞ്ഞു.
ആന്ധ്രയില്‍ അര്‍ണബ് ആഞ്ഞടിച്ചപ്പോള്‍ (IANS)
“എൽ നിനോ വർഷങ്ങളിൽ, മിക്ക ചുഴലിക്കാറ്റുകളും താഴ്ന്ന അക്ഷാംശങ്ങളിൽ രൂപപ്പെടുകയും ആന്ധ്രാപ്രദേശിലേക്കും തമിഴ്നാട്ടിലേക്കും നീങ്ങുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്,” അദ്ദേഹം പറഞ്ഞു.
യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ്റെ (NOAA) നവംബർ 12-ലെ റിപ്പോർട്ട് പ്രകാരം, എൽ നിനോ ശക്തിപ്പെടുകയാണ്. നിനോ 3.4 സമുദ്രോപരിതല താപനിലാ സൂചിക ശരാശരിയേക്കാൾ 2.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ശക്തമായതോ അതിശക്തമായതോ ആയ എൽ നിനോ സാഹചര്യങ്ങൾ 2027 ജനുവരി-മാർച്ച് വരെ തുടരാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, ഒരു ചുഴലിക്കാറ്റ് എവിടെ രൂപപ്പെടണമെന്നോ ഏത് ദിശയിലേക്ക് നീങ്ങണമെന്നോ എൽ നിനോ മാത്രമല്ല തീരുമാനിക്കുന്നത്. ഇൻ്റർട്രോപ്പിക്കൽ കൺവർജൻസ് സോൺ (ITCZ), പ്രാദേശിക കാറ്റിൻ്റെ ചംക്രമണം, മാഡൻ-ജൂലിയൻ ഓസിലേഷൻ (MJO) തുടങ്ങിയ മറ്റ് കാലാവസ്ഥാ-അന്തരീക്ഷ ഘടകങ്ങളും ഈ രീതികളെ സ്വാധീനിക്കുന്നു.
തുടർച്ചയായ ചുഴലിക്കാറ്റുകൾക്ക് പിന്നിലെ അന്തരീക്ഷ രഹസ്യം: ഐ.ഐ.ടി പ്രൊഫസർ വിശദീകരിക്കുന്നു
മൺസൂണിന് ശേഷമുള്ള കാലയളവിൽ അന്തരീക്ഷത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങളാണ് ബംഗാൾ ഉൾക്കടലിലെ ഈ അസാധാരണ പ്രതിഭാസങ്ങൾക്ക് പിന്നിലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കാലാനുസൃതമായ അന്തരീക്ഷ സാഹചര്യങ്ങളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കവെ, ‘ഇൻ്റർട്രോപ്പിക്കൽ കൺവർജൻസ് സോണിൻ്റെ’ (ITCZ) ചലനം അന്തരീക്ഷ ചംക്രമണത്തെ സ്വാധീനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഐ.ഐ.ടി കാൺപൂരിലെ ഭൗമശാസ്ത്ര വിഭാഗം പ്രൊഫസർ ജാവേദ് എൻ. മാലിക് ഇടിവി ഭാരതിനോട് പറഞ്ഞു.
ഭൂമധ്യരേഖയ്ക്ക് സമീപം വടക്കുനിന്നും തെക്കുനിന്നുമുള്ള കാറ്റുകൾ ഒന്നിക്കുന്ന ഈ മേഖലയുടെ സ്ഥാനം മാറുന്നത്, ചുഴലിക്കാറ്റുകൾക്ക് അനുകൂലമായ അന്തരീക്ഷ ചുഴികൾ രൂപപ്പെടുന്നതിനും അവയുടെ ഗതി നിർണയിക്കുന്നതിനും ശക്തമായ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഉത്തരാർദ്ധഗോളത്തിൽ നിന്നും ദക്ഷിണാർദ്ധഗോളത്തിൽ നിന്നുമുള്ള കാറ്റുകൾ സംഗമിക്കുന്ന ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഒരു മേഖലയാണ് ഐടിസിഇസഡ്. സൂര്യതാപത്തിലെ കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് ഇതിൻ്റെ സ്ഥാനം മാറുകയും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കാറ്റിൻ്റെ ഗതിയെയും അന്തരീക്ഷ സാഹചര്യങ്ങളെയും ബാധിക്കുകയും ചെയ്യുന്നു.
ജാവേദിൻ്റെ അഭിപ്രായത്തിൽ, ഈ മേഖലയുടെ കാലാനുസൃതമായ ചലനവും മർദത്തിലും താപനിലയിലുമുള്ള വ്യതിയാനങ്ങളും മൺസൂണിന് ശേഷമുള്ള സീസണിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഈ വലിയ തോതിലുള്ള പ്രതിഭാസങ്ങൾ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്ന വിശാലമായ അന്തരീക്ഷത്തെ സ്വാധീനിക്കുമ്പോൾ, അവയുടെ യഥാർത്ഥ തീവ്രത ആശ്രയിച്ചിരിക്കുന്നത് പെട്ടെന്നുണ്ടാകുന്ന സമുദ്ര-അന്തരീക്ഷ സാഹചര്യങ്ങളെയാണ്.
അക്വാൻ ശക്തിപ്രാപിക്കാൻ സഹായിക്കുന്ന എംജെഒയും (MJO) ചൂടുള്ള സമുദ്രസാഹചര്യങ്ങളും
അക്വാൻ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കാൻ സഹായിക്കുന്ന അനുകൂലമായ അന്തരീക്ഷ-സമുദ്ര സാഹചര്യങ്ങളെ കാലാവസ്ഥാ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. നവംബർ 16-നും 21-നും ഇടയിൽ മൂന്നാം ഘട്ടത്തിൽ ആയിരുന്ന മാഡൻ-ജൂലിയൻ ഓസിലേഷൻ (MJO) നാലാം ഘട്ടത്തിലേക്ക് നീങ്ങുകയും പിന്നീട് മൂന്നാം ഘട്ടത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ഈ രീതി ബംഗാൾ ഉൾക്കടലിൽ മേഘരൂപീകരണം വർധിപ്പിക്കുന്നതിന് അനുകൂലമാണെന്ന് ഏജൻസി വ്യക്തമാക്കി.
അക്വാൻ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് അടുക്കുമ്പോൾ അത് കൂടുതൽ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന് പിന്നിൽ വ്യക്തമായ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥത്തിന് സമീപമുള്ള ‘ട്രോപ്പിക്കൽ സൈക്ലോൺ ഹീറ്റ് പൊട്ടൻഷ്യൽ’ (TCHP) ചതുരശ്ര സെൻ്റീമീറ്ററിന് ഏകദേശം 100 കിലോജൂൾ ആണെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നു.
ചുഴലിക്കാറ്റുകൾക്ക് ശക്തിപ്രാപിക്കാൻ ആവശ്യമായ യഥാർഥ ഊർജം നൽകുന്നത് സമുദ്രത്തിലെ ഈ ഉയർന്ന താപനിലയാണ്. ശക്തമായ കാറ്റ് വീശുമ്പോഴുണ്ടാകുന്ന കടൽക്ഷോഭം സമുദ്രത്തിൻ്റെ മുകൾത്തട്ടിലെ വെള്ളത്തെ ഇളക്കിമറിച്ചാൽ പോലും, താഴെയുള്ള ഉയർന്ന സമുദ്രതാപം ചുഴലിക്കാറ്റിൻ്റെ തീവ്രത കുറയാതെ നിലനിർത്താൻ സഹായിക്കും. ഇതിന് പുറമെ ചുഴലിക്കാറ്റിൻ്റെ കേന്ദ്രത്തിന് കിഴക്കുള്ള കുറഞ്ഞ ‘ഡീപ്-ലെയർ വിൻഡ് ഷിയർ’, അന്തരീക്ഷത്തിലെ ആവശ്യത്തിന് മാത്രമുള്ള ഈർപ്പം, അനുകൂലമായ ഉപരിതല അന്തരീക്ഷ സാഹചര്യങ്ങൾ എന്നിവ ഈ കാറ്റിൻ്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു.
ഒരു ചുഴലിക്കാറ്റ് എത്രത്തോളം വേഗത്തിലും മാരകമായും ശക്തിപ്രാപിക്കുമെന്ന് നിർണയിക്കാൻ ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നതായി പരിസ്ഥിതി വിദഗ്ധൻ ഹിഷ്മി ഹുസൈൻ വിശദീകരിക്കുന്നു. ചൂടുള്ള സമുദ്രജലം ചുഴലിക്കാറ്റിന് ആവശ്യമായ ‘ഇന്ധനം’ (ഊർജ്ജം) നൽകുമ്പോൾ, ആ ഊർജ്ജത്തെ എത്രത്തോളം കാര്യക്ഷമമായി ഉപയോഗിച്ച് കാറ്റിന് വിനാശകരമായ വേഗത കൈവരിക്കാം എന്ന് നിർണയിക്കുന്നത് ചുറ്റുമുള്ള അന്തരീക്ഷ സാഹചര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം അപകടസാധ്യതകൾ വർധിപ്പിക്കുന്നു
അന്തരീക്ഷത്തിലെയും സമുദ്രത്തിലെയും പെട്ടെന്നുള്ള മാറ്റങ്ങൾ ചുഴലിക്കാറ്റുകളുടെ തീവ്രത കൂട്ടാൻ കാരണമാകുമ്പോൾ, നമ്മുടെ തീരപ്രദേശങ്ങൾ നേരിടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദീർഘകാല വെല്ലുവിളികളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ചൂടുപിടിക്കുന്ന സമുദ്രങ്ങൾ, വർധിച്ചുവരുന്ന അന്തരീക്ഷ ഈർപ്പം, ഉയരുന്ന സമുദ്രനിരപ്പ് എന്നിവ കൂടുതൽ വെല്ലുവിളി നിറഞ്ഞ തീരദേശ പരിസ്ഥിതിക്ക് കാരണമാകുന്നുണ്ടെന്ന് ഹിഷ്മി പറഞ്ഞു.
കൃത്യമായ ശാസ്ത്രീയ പഠനങ്ങളില്ലാതെ, ഒറ്റപ്പെട്ട ചുഴലിക്കാറ്റുകളെയോ ഇപ്പോൾ നമ്മൾ കാണുന്ന തുടർച്ചയായ കൊടുങ്കാറ്റുകളെയോ നേരിട്ട് ‘കാലാവസ്ഥാ വ്യതിയാനത്തിൻ്റെ’ മാത്രം തലയിൽ കെട്ടിവെക്കരുത്. അപകടങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ജനങ്ങളുടെ ജീവനും നാടിൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്കും ഏൽക്കുന്ന ആഘാതം കുറയ്ക്കാൻ രണ്ട് കാര്യങ്ങൾ അത്യാവശ്യമാണ്. കൃത്യസമയത്തുള്ള കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ, വൈകാതെയുള്ള മുന്നറിയിപ്പുകൾ. പ്രകൃതിയുടെ മാറ്റങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുമ്പോൾ തന്നെ, കൃത്യമായ മുൻകരുതലുകളിലൂടെ മാത്രമേ നമുക്ക് ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഗ്രഹ സാങ്കേതികവിദ്യ നിരീക്ഷണവും മുന്നറിയിപ്പുകളും മെച്ചപ്പെടുത്തുന്നു
ചുഴലിക്കാറ്റുകളെ നിരീക്ഷിക്കുന്നതിലും കൃത്യസമയത്ത് മുന്നറിയിപ്പുകൾ നൽകുന്നതിലും ഉപഗ്രഹ സാങ്കേതികവിദ്യ വഹിക്കുന്ന പങ്കിനെക്കുറിച്ച് ജാവേദ് എടുത്തുപറഞ്ഞു. കാലാവസ്ഥാ നിരീക്ഷണത്തിലുണ്ടായ പുരോഗതി ചുഴലിക്കാറ്റിൻ്റെ ചലനം, കാറ്റിൻ്റെ വേഗത, സാധ്യതയുള്ള സഞ്ചാരപഥം എന്നിവ കണ്ടെത്തുന്നത് എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കരയിലേക്ക് പ്രവേശിച്ച ശേഷം ചുഴലിക്കാറ്റ് ദുർബലമാകുന്നത് അതിൻ്റെ അപകടസാധ്യതകൾ ഉടൻ ഇല്ലാതാകുന്നു എന്നർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയുള്ള കാറ്റിന് പോലും നാശനഷ്ടങ്ങൾ വരുത്താൻ കഴിയും, പ്രത്യേകിച്ച് ദുർബലവും സുരക്ഷിതമല്ലാത്തതുമായ പ്രദേശങ്ങളിൽ. അക്വാൻ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ, ശക്തമായ കാറ്റ്, കനത്ത മഴ, പ്രക്ഷുബ്ധമായ കടൽ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നവംബർ 17-ന് പുറത്തിറക്കിയ ഐഎംഡി ദേശീയ ബുള്ളറ്റിൻ പ്രകാരം, അക്വാൻ ചുഴലിക്കാറ്റ് കഴിഞ്ഞ ഒൻപത് മണിക്കൂറായി തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യഭാഗത്തും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും ഏതാണ്ട് നിശ്ചലമായി തുടരുകയായിരുന്നു.
നവംബർ 17-ന് പുലർച്ചെ 2.30-ന് 12.2°N അക്ഷാംശത്തിലും 85.7°E രേഖാംശത്തിലുമായി ചെന്നൈയ്ക്ക് ഏകദേശം 610 കിലോമീറ്റർ കിഴക്കായും മച്ചിലിപട്ടണത്തിന് 660 കിലോമീറ്റർ തെക്കുകിഴക്കായും വിശാഖപട്ടണത്തിന് 670 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായുമാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്തിരുന്നത്.
ചുഴലിക്കാറ്റിൻ്റെ പ്രത്യാഘാതങ്ങള്‍
രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകൾ തീരദേശ ജനതയുടെ ജീവിതത്തെയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്ന് പ്രമുഖ പരിസ്ഥിതി വിദഗ്ധൻ ഹിഷ്മി ഹുസൈൻ മുന്നറിയിപ്പ് നൽകുന്നു. ഒരു ദുരന്തത്തിൽ നിന്ന് കരകയറാൻ പോലും സാവകാശം ലഭിക്കുന്നതിന് മുൻപേ അടുത്ത ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത് നാശനഷ്ടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയാണ്.
“ചുഴലിക്കാറ്റുകളെ തുടർന്നുണ്ടാകുന്ന ശക്തമായ കടൽക്ഷോഭവും വെള്ളപ്പൊക്കവും തീരശോഷണത്തിന് ആക്കം കൂട്ടുന്നു. ഇത് തീരദേശത്തെ പ്രധാന കവചങ്ങളായ കണ്ടൽക്കാടുകളെയും തണ്ണീർത്തടങ്ങളെയും നശിപ്പിക്കാൻ ഇടയാക്കും. ഇതിനുപുറമെ, കടൽവെള്ളം കരയിലേക്ക് കയറുന്നത് കൃഷിയിടങ്ങളെയും ശുദ്ധജല സ്രോതസ്സുകളെയും ഉപ്പുവെള്ളം കലർന്ന് ഉപയോഗശൂന്യമാക്കും. പാരിസ്ഥിതികമായി അതീവ പ്രാധാന്യമുള്ള ഗോദാവരി ഡെൽറ്റയും കോറിംഗ കണ്ടൽക്കാടുകളും ഇത്തരത്തിൽ വലിയ അപകടഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്,” പരിസ്ഥിതി വിദഗ്ധൻ പറഞ്ഞു.
പ്രകൃതിക്ഷോഭം തീരദേശത്തെ സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിക്കും. വിളനാശവും കടലിൽ പോകാൻ കഴിയാത്ത സാഹചര്യവും കർഷകരെയും മത്സ്യത്തൊഴിലാളികളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും. കപ്പൽ ഗതാഗതവും തുറമുഖ പ്രവർത്തനങ്ങളും തടസ്സപ്പെടുന്നത് വ്യാപാരികൾക്കും സമുദ്രോത്പന്ന സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധവും മുൻകരുതലുകളും അനിവാര്യം
ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ഹിഷ്മി ഹുസൈൻ ഊന്നിപ്പറയുന്നു. കൃത്യസമയത്തുള്ള സുരക്ഷാ നടപടികൾ അത്യാവശ്യമാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സമയബന്ധിതമായി ഒഴിപ്പിക്കുകയും മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്യുക.
പ്രകൃതിദത്ത പ്രതിരോധ മതിലുകളായ കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനത്തിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കുക. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും കർഷകർക്ക് കൃത്യമായ കാർഷിക ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുക.
ദുരന്തസമയത്ത് ആശുപത്രികൾ, വൈദ്യുതി, കുടിവെള്ള വിതരണം തുടങ്ങിയ അവശ്യ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ പ്രത്യേക കരുതൽ സ്വീകരിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ഈ വെല്ലുവിളികളെ നേരിടാൻ കൃത്യമായ ആസൂത്രണവും ദീർഘവീക്ഷണത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും പരിസ്ഥിതി വിദഗ്ധൻ ഹിഷ്മി ഹുസൈൻ കൂട്ടിച്ചേര്‍ത്തു.









