🚨 ഒബാമയുടെ പ്രസ്താവന തള്ളി നെതന്യാഹു; “ഇസ്രായേലിന്റേത് മോഷ്ടിച്ച ഭൂമിയല്ല”
ഇസ്രായേൽ ഫലസ്തീൻ ഭൂമി കൈയേറി എന്ന മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ജൂത ജനത തങ്ങളുടെ പൂർവികരുടെ മണ്ണിൽ അന്യരല്ലെന്നും ഇസ്രായേലിന്റേത് മോഷ്ടിച്ച ഭൂമിയല്ലെന്നും നെതന്യാഹു വ്യക്തമാക്കി. തങ്ങളുടെ ചരിത്രം വിദേശ രാജ്യങ്ങൾ നടത്തിയതുപോലുള്ള ഒരു കോളനിവൽക്കരണമല്ലെന്നും, സ്വന്തം മാതൃരാജ്യമായ യഹൂദ്യയിലാണ് (Judea) തങ്ങൾ നിലകൊള്ളുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വടക്കൻ അയർലൻഡിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഒബാമ ഇസ്രായേലിനെതിരെ വിമർശനം ഉന്നയിച്ചത്. ഇസ്രായേൽ ഫലസ്തീനികളുടെ ഭൂമി കൈക്കലാക്കുകയും അതിക്രമങ്ങൾ കാണിക്കുകയും ചെയ്തുവെന്നും, അതുകൊണ്ടുതന്നെ ഭൂമി തിരികെ ആവശ്യപ്പെടുന്നതിൽ ഫലസ്തീനികൾക്ക് ന്യായമുണ്ടെന്നുമായിരുന്നു ഒബാമയുടെ പരാമർശം. ഒബാമയുടെ ഈ നിലപാട് തികച്ചും ഖേദകരമാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, ഇസ്രായേലിന്റെ ധാർമിക നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വാദങ്ങളെ തള്ളിക്കളയുന്നതായി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
യൂറോപ്യൻ കൊളോണിയൽ ഭരണാധികാരികളുടെ ചരിത്രവുമായി ഇസ്രായേലിനെ താരതമ്യം ചെയ്യരുതെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. “ഞങ്ങൾ ഇന്തോനേഷ്യയിലെ ഡച്ചുകാരോ, കോംഗോയിലെ ബെൽജിയംകാരോ അല്ല; മറിച്ച് സ്വന്തം നാടായ യഹൂദ്യയിലെ ജൂതന്മാരാണ്” എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ, മുൻ യുഎസ് പ്രസിഡന്റും ഇസ്രായേൽ പ്രധാനമന്ത്രിയും തമ്മിലുള്ള ഈ വാക്പോര് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.






