ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ഭൂചലനം;

0
3

കാസർകോട്: അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാത്രി 9.59ഓടെയാണ് ലക്ഷദ്വീപിൽ നിന്ന് 234 കിലോമീറ്റർ അകലെ കടലിൽ പ്രകമ്പനമുണ്ടായത്.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. എന്നാൽ, തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ സുനാമി മുന്നറിയിപ്പുകളോ മറ്റ് ആശങ്കകളോ ഇല്ലെന്ന് ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) മേധാവി ടി.എം ബാലകൃഷ്ണൻ ഇടിവി ഭാരതിനോട് പറഞ്ഞു.

സാധാരണയായി റിക്ടർ സ്കെയിലിൽ ആറിന് മുകളിൽ തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് സുനാമി മുന്നറിയിപ്പുകൾ നൽകുക. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഇത്തരം ചെറിയ ഭൂചലനങ്ങൾ സാധാരണമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകോയിസ്, അത്യാധുനിക സംവിധാനങ്ങളിലൂടെയാണ് സമുദ്രത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നത്. 2004ലെ സുനാമി ദുരന്തത്തിന് ശേഷമാണ് ഇന്ത്യ സുനാമി മുന്നറിയിപ്പ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കിയത്. കടലിനടിയിലെ മർദം അളക്കുന്ന ഉപകരണങ്ങളും ഉപഗ്രഹ വിവരങ്ങളും ഉപയോഗിച്ചാണ് ഇൻകോയിസ് സുനാമി സാധ്യതകൾ വിലയിരുത്തുന്നത്.

അറബിക്കടലിലെ മുൻ ഭൂചലനങ്ങൾ
ഈ വർഷം അറബിക്കടലിൽ സമാനമായ ഭൂചലനങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 18ന് ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ സലാലയിൽ നിന്ന് 239 കിലോമീറ്റർ തെക്കായി അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് അന്ന് ഇക്കാര്യം സ്ഥിരീകരിച്ചത്. അറബിക്കടലിൻ്റെ വടക്കൻ ഭാഗത്തുള്ള മക്രാൻ സബ്ഡക്ഷൻ സോൺ ഭൂകമ്പ സാധ്യതയുള്ള മേഖലയാണ്. ഇവിടെ ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിലുള്ള ഘർഷണമാണ് പലപ്പോഴും പ്രകമ്പനങ്ങൾക്ക് വഴിവയ്ക്കുന്നത്.

കൊളംബിയയെ നടുക്കിയ ഭൂചലനം
അതേസമയം, കഴിഞ്ഞ മാസം ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ വൻ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഓഗസ്റ്റ് 10ന് പടിഞ്ഞാറൻ കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ നൂറിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. സാൻ ഹോസെ ദെൽ പാൽമാർ മേഖലയിൽ ഭൂനിരപ്പിൽ നിന്ന് 103 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്.

നിരവധി പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തു. കൊളംബിയയിലെ ദുരന്തത്തിൽ 370ലധികം ആരോഗ്യ കേന്ദ്രങ്ങൾക്കും മൂവായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നസ്ക ഫലകം തെക്കേ അമേരിക്കൻ ഫലകത്തിനടിയിലേക്ക് തെന്നിമാറുന്നതിൻ്റെ ഫലമായാണ് കൊളംബിയയിൽ ഇത്രയും വലിയ ഭൂചലനം ഉണ്ടായത്.

ഭൂചലനങ്ങൾ ഉണ്ടാകുന്നത് എങ്ങനെ?
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനങ്ങൾ സാധാരണമാണ്. ഭൂമിയുടെ പുറംപാളിയിലെ വലിയ ഫലകങ്ങൾ തമ്മിൽ ഉരസുമ്പോഴോ കൂട്ടിയിടിക്കുമ്പോഴോ ഭൂമിക്കടിയിൽ തടസപ്പെട്ടിരിക്കുന്ന ഊർജം പെട്ടെന്ന് പ്രകമ്പനങ്ങളായി പുറത്തുവരുന്നതാണ് ഭൂചലനത്തിന് കാരണമാകുന്നത്. പല ചെറിയ കുലുക്കങ്ങളും നാം അറിയാറുപോലുമില്ല. ഒരു ഭൂചലനത്തിൻ്റെ പ്രഹരശേഷി നിർണയിക്കുന്നതിൽ അതിൻ്റെ ആഴത്തിന് വലിയ പങ്കുണ്ട്. ആഴം കുറഞ്ഞ ഭൂചലനങ്ങളാണ് കൂടുതൽ വിനാശകാരികളായി മാറുക.

LEAVE A REPLY

Please enter your comment!
Please enter your name here