വീണ്ടും ഭീതി പടർത്തി അമീബിക് മസ്‌തിഷ്‌കജ്വരം;

0
5

കോഴിക്കോട്: വീണ്ടും ഭീതി പടർത്തി അമീബിക് മസ്‌തിഷ്‌കജ്വരം. കോഴിക്കോട് കൊയിലാണ്ടി നഗരസഭയിൽ ഒരാൾക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നടേരി സ്വദേശിയായ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

നടേരി 21ാം വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തത്. രോഗി വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായി വിവരമില്ല. ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്‌തതായും റിപ്പോര്‍ട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്.

ഇവിടുത്തെ കിണറിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്‌ത സ്ഥലത്തിൻ്റെ പരിസരപ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ നടത്തിയിട്ടുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണെന്ന് ഹെൽത്ത് ഇൻസ്പെക്‌ടർ അറിയിച്ചു.

സൂക്ഷിച്ചില്ലെങ്കിൽ ആപത്ത്

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.

മൂക്കിനേയും മസ്‌തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുകയുമാണ് ചെയ്യുന്നത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ 5 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

പ്രധാന ലക്ഷണങ്ങൾ

തീവ്രമായ തലവേദന

പനി

ഛർദ്ദി

കഴുത്ത് വേദനയും, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്

വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്

കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ

ക്ഷണം കഴിക്കാനുള്ള വിമുഖത

നിഷ്‌ക്രിയരായി കാണപ്പെടുക

ഓർമക്കുറവ്

അപസ്‌മാരം

ബോധക്ഷയം

എങ്ങനെ പ്രതിരോധിക്കാം

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.

വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്‌ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.

മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും, ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക.

കിണറുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ(ഹെപറ്റയിറ്റിസ് എ ) രോഗത്തെ തടയുന്നതിനും സഹായിക്കും.

അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്‌ത് മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ. ടാങ്കുകൾ വൃത്തിയാക്കണം. ശുദ്ധീകരിക്കാത്ത കുളങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ഡോക്‌ടറെ കണ്ട് ചികിത്സ ലഭ്യമാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here