
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 560 രൂപ വർധിച്ച് വില 1,08,000 രൂപയിലെത്തി. ഗ്രാമിന് 70 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,500 രൂപയായി.
ഇന്നലെ 1,07,440 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. സ്വർണവില ഒരു ലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുന്നത് ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ കുതിപ്പ് സാധാരണക്കാരുടെ ബജറ്റിനെ താളം തെറ്റിക്കും. ഗ്രാമീണ മേഖലകളിലെ സ്വർണവിൽപ്പനയെയും ഈ വിലക്കയറ്റം പ്രതികൂലമായി ബാധിച്ചേക്കാം. ഉയർന്ന വില കാരണം പലരും പഴയ സ്വർണം മാറ്റിവാങ്ങുന്നതിനോ അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനോ ആണ് ഇപ്പോൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ സമാനമായ വിലക്കയറ്റം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിവിധ കാരറ്റുകളിലെ നിരക്ക്
വിവിധ കാരറ്റുകളുടെ വിലയിലും വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം പവന് 480 രൂപ വർധിച്ച് 88,760 രൂപയായി. ഇന്നലെ 88,280 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 60 രൂപ വർധിച്ച് 11,095 രൂപയായി. 14 കാരറ്റ് സ്വർണം പവന് 360 രൂപ വർധിച്ച് 69,120 രൂപ നിരക്കിലെത്തി. ഇന്നലത്തെ വില 68,760 രൂപയായിരുന്നു. ഗ്രാമിന് 45 രൂപ വർധിച്ച് 8,640 രൂപയ്‌ക്കാണ് വ്യാപാരം നടക്കുന്നത്. ഒൻപത് കാരറ്റ് സ്വർണം പവന് 240 രൂപ വർധിച്ച് 44,600 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 30 രൂപ വർധിച്ച് 5,575 രൂപയുമായി.
മാറ്റമില്ലാതെ വെള്ളിവില
സ്വർണം പോലെതന്നെ ആവശ്യക്കാരേറെയുള്ള വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് നിരക്ക്. 10 ഗ്രാമിന് 2,400 രൂപയും 100 ഗ്രാമിന് 24,000 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 2,40,000 രൂപ നൽകണം. ആഗോളതലത്തിലുള്ള ലഭ്യതക്കുറവ്, വ്യാവസായിക ആവശ്യങ്ങളിലെ വർധന, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത എന്നിവയാണ് വെള്ളി വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഇന്ത്യയിലെ ഇറക്കുമതി തീരുവയും നികുതി വ്യവസ്ഥകളും ആഭ്യന്തര വിപണിയിൽ വില കൂടാൻ കാരണമാകുന്നുണ്ട്.
വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ
ആഗോള വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചതും ഡോളറിൻ്റെ മൂല്യം ഇടിഞ്ഞതും രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണ വില ഉയരാൻ പ്രധാന കാരണമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ തിരിയുന്നതും വിലയെ സ്വാധീനിക്കുന്നു. ഓഹരി വിപണിയിലെ തിരിച്ചടികളിൽ നിന്ന് രക്ഷനേടാൻ നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കുന്നതും മറ്റൊരു പ്രധാന ഘടകമാണ്.
ഇന്ത്യയിലെ ആഭ്യന്തര ഉപയോഗത്തിനായുള്ള സ്വർണം പ്രധാനമായും വിദേശ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് എല്ലാക്കാലത്തും സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന വിലമാറ്റങ്ങൾ ആഭ്യന്തര വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നതിനാലാണ് കേരളത്തിലെ സ്വർണവിലയിലും വർധന രേഖപ്പെടുത്തുന്നത്.
ഇതിനുപുറമെ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളും സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്.








