പ്ലസ്‌ വണ്‍ പരീക്ഷാഫലം ഇന്നറിയാം;

0
3

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്‍ഡറി പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ വെബ്‌സൈറ്റിലൂടെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ നടന്നത്. രണ്ട് പ്രാവശ്യം ഫല പ്രഖ്യാപനം നീട്ടിവച്ച ശേഷമാണ് ഇന്ന് ഫലം പ്രസിദ്ധീകരിക്കുന്നത്.

സാധാരണഗതിയില്‍ മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യവാരത്തോടെ പ്ലസ് വണ്‍ ഫലപ്രഖ്യാപനം നടക്കാറുള്ളതാണ്. എന്നാൽ ഈ വർഷം പതിവിലും വൈകിയാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പുറത്ത് വിട്ടത്. ഈ വർഷം ജൂൺ 10ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതാണ്. പിന്നീട് അത് ജൂലൈ 15ലേക്ക് മാറ്റിവച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യ സമയത്ത് നടത്താനാകാത്തതാണ് താമസത്തിന് കാരണമായത്. പിന്നീട് ഗൾഫിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കിയ ശേഷമാണ് ഫല പ്രഖ്യാപനത്തിന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

സയന്‍സ്, കൊമേഴ്‌സ്,ഹ്യുമാനിറ്റീസ് എന്നീ സ്‌ട്രീമുകളിലായി ആകെ നാല് ലക്ഷം വിദ്യാർഥികളാണ് പരീക്ഷക്കായി രജിസ്റ്റർ ചെയ്‌തത്. എഴുത്ത് പരീക്ഷ 80 മാർക്കിലും ഇൻ്റേർണൽ അസെസ്‌മെൻ്റ് 20 മാർക്കിലുമാണ് നടത്തിയത്. പരീക്ഷയിൽ വിജയിക്കാന്‍ ഓരോ വിഷയങ്ങൾക്കും കുറഞ്ഞത് 35 ശതമാനം മാർക്ക് വേണം. ഫലം പ്രസിദ്ധീകരിച്ചാൽ വിദ്യാർഥികൾക്ക് രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക പോർട്ടലുകളിൽ നിന്ന് ഫലം പരിശോധിക്കാം. കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഫലപ്രഖ്യാപനത്തോടൊപ്പം അറിയിക്കും.

ഫലം പ്രഖ്യാപിക്കുന്ന വെബ്സൈറ്റുകൾ

nammudekeralam.kerala.gov.in, www.re sults.hse.k erala.gov.n, www.p rd.kerala.gov.in, results.ke rala.gov.in,results.digilocker.gov.in,www.results.kit e.kerala.gov.in, examresu lts.kerala.gov.in മൊബൈൽ ആപ്പുകളായ SAPHALAM 2026, iExaMS-Kerala എന്നിവിടങ്ങളിലും ഫലം ലഭ്യമാകും.

2025ലെ പ്ലസ് വൺ പരീക്ഷ ഫലം

2025 ജൂൺ രണ്ടിനാണ് പ്ലസ് വൺ പരീക്ഷ ഫലം പുറത്ത് വന്നത്. ആകെ വിജയ ശതമാനം 62.28 ആയിരുന്നു. 3,83,647 വിദ്യാർഥികളാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഓപ്പൺ സ്‌കൂള്‍ വിഭാഗത്തിൽ 28,177 വിദ്യാർഥികൾ പ്ലസ് വൺ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 40.53 ആണ് വിജയ ശതമാനം. ടെക്‌നിക്കൽ വിഭാഗത്തിൽ 1572 വിദ്യാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 44.37 ആണ് വിജയ ശതമാനം.

LEAVE A REPLY

Please enter your comment!
Please enter your name here