E20 പെട്രോൾ വിവാദത്തിൽ നിതിൻ ഗഡ്കരി

0
5

എഥനോൾ കലർത്തിയ പെട്രോളുമായി (Ethanol-blended petrol) ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്ത് ശക്തമാകുന്നതിനിടെ, സാധാരണക്കാരായ കാർ ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന്റെ ഇന്ധനക്ഷമത സ്വയം കൃത്യമായി അളക്കാൻ കഴിയില്ലെന്ന് റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വാഹനങ്ങളുടെ യഥാർത്ഥ മൈലേജ് അറിയാൻ കമ്പനി അംഗീകൃത ഡീലർമാർ നടത്തുന്ന പരിശോധനകളെയാണ് ആശ്രയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നിർബന്ധമാക്കിയ  E20 പെട്രോളിലേക്ക് മാറിയതിന് ശേഷം തന്റെ കാറിന്റെ മൈലേജ് കുത്തനെ ഇടിഞ്ഞതായി അവകാശപ്പെട്ട ഒരു മാധ്യമപ്രവർത്തകയോട് എബിപി ന്യൂസിന് (ABP News) നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ഗഡ്കരി.താൻ 2023-ൽ വാങ്ങിയതും ഇ20 ഇന്ധനത്തിന് അനുയോജ്യവുമായ കാറിന്റെ മൈലേജ് അടുത്തിടെ ലിറ്ററിന് 11 കിലോമീറ്ററിൽ നിന്ന് 7 കിലോമീറ്ററായി കുറഞ്ഞുവെന്ന് മാധ്യമപ്രവർത്തക പറഞ്ഞപ്പോൾ, ഈ കണക്ക് അവർ എങ്ങനെയാണ് കണക്കാക്കിയതെന്ന് ഗഡ്കരി ചോദ്യം ചെയ്തു.

“എല്ലാവരും ചെയ്യുന്നതുപോലെ ഞാൻ എന്റെ കാറിൽ തന്നെയാണ് ഇത് പരിശോധിച്ചത്,” എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ മറുപടി.

എന്നാൽ, ഇതിനോട് പ്രതികരിച്ച ഗഡ്കരി, വാഹന നിർമ്മാതാക്കൾ അംഗീകരിച്ച ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ കൃത്യമായ ഇന്ധനക്ഷമത കണ്ടെത്താൻ കഴിയൂ എന്ന് ആവർത്തിച്ചു.

“നിങ്ങൾക്കോ എനിക്കോ കാറിന്റെ മൈലേജ് സ്വയം പരിശോധിക്കാൻ കഴിയില്ല. കമ്പനി അംഗീകൃത ഡീലറുടെ മെഷീൻ ഉപയോഗിച്ച് മാത്രമേ ഒരു കാറിന്റെ മൈലേജ് കൃത്യമായി പരിശോധിക്കാൻ സാധിക്കൂ,” അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി നടപ്പിലാക്കുന്ന എഥനോൾ മിശ്രിത പദ്ധതിയെ കേന്ദ്രസർക്കാർ പ്രതിരോധിക്കുന്നതിനിടയിലും, ഇ20 പെട്രോൾ ചില വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ 3 മുതൽ 5 ശതമാനം വരെ കുറവുണ്ടാക്കുമെന്ന് കേന്ദ്രം സമ്മതിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ പുതിയ പ്രതികരണം വന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം എഥനോൾ ബ്ലെൻഡഡ് പെട്രോൾ പ്രോഗ്രാമിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിനായി ഒരു ചോദ്യോത്തര രേഖ പുറത്തിറക്കിയിരുന്നു.

ചില വാഹനങ്ങളിൽ ഇ20 പെട്രോൾ ഇന്ധനക്ഷമത കുറച്ചേക്കാമെന്ന് സർക്കാർ ഈ രേഖയിലൂടെ സമ്മതിച്ചിട്ടുണ്ടെങ്കിലും, വാഹനത്തിന്റെ കാര്യക്ഷമത വിലയിരുത്തുമ്പോൾ മൈലേജ് മാത്രമല്ല പരിഗണിക്കേണ്ട ഒരേയൊരു ഘടകമെന്ന് മന്ത്രാലയം വാദിച്ചു.

“ചില വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ 3 മുതൽ 5 ശതമാനം വരെ കുറവുണ്ടായേക്കാം എന്നത് സത്യമാണ്. എന്നാൽ മൈലേജ് എന്നത് ഒരു പാരാമീറ്റർ മാത്രമാണ്,” മന്ത്രാലയം വ്യക്തമാക്കി.

ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ വെട്ടിക്കുറയ്ക്കുന്നതിനുമായി ഏപ്രിൽ 1 മുതൽ രാജ്യം മുഴുവൻ ഇ20 പെട്രോൾ വിൽപന കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു.

എന്നിരുന്നാലും, ഈ പുതിയ തീരുമാനം വാഹന ഉടമകളിൽ നിന്ന് കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉപഭോക്താക്കൾ കുറഞ്ഞ മൈലേജ് റിപ്പോർട്ട് ചെയ്യുമ്പോൾ, പഴയ വാഹനങ്ങളിൽ ഈ മിശ്രിത ഇന്ധനത്തിന്റെ പ്രവർത്തനം എങ്ങനെയുണ്ടാകുമെന്നതിനെക്കുറിച്ച് വാഹന വ്യവസായ രംഗത്തെ ചില നിർമ്മാതാക്കളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here