പശുക്കളിലെ എച്ച്5എൻ1 വ്യാപനത്തിൽ നിർണായക കണ്ടെത്തൽ,പക്ഷിപ്പനി ഭീതിയിൽ ഓസ്‌ട്രേലിയയും;

0
3

കാൻബറ: ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌ത്തിയ എച്ച്5എൻ1 (H5N1) പക്ഷിപ്പനി ഓസ്‌ട്രേലിയയിലും സ്ഥിരീകരിച്ചു. ഇതോടെ പക്ഷിപ്പനി ബാധിക്കാത്ത ഏക ഭൂഖണ്ഡം എന്ന പദവി ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായി. രാജ്യത്ത് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഭരണകൂടം കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

രോഗവ്യാപനം തടയാൻ അധികൃതർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. കോഴി, ഡയറി ഫാമുകൾ പൂർണമായും അടച്ചുപൂട്ടി. പെർത്ത് നഗരത്തിൽ നിന്ന് എഴുന്നൂറ് കിലോമീറ്റർ അകലെ കണ്ടെത്തിയ രോഗബാധിതനായ ബ്രൗൺ സ്കുവ പക്ഷിലിയിലാണ് വൈറസിൻ്റെ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. തെക്കൻ തീരത്ത് രോഗം കണ്ടെത്തിയ രണ്ടാമത്തെ പക്ഷിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്.

രണ്ടായിരത്തി ഇരുപത്തിയൊന്ന് മുതൽ കാട്ടുപക്ഷികളിലും സസ്തനികളിലും പക്ഷിപ്പനി വകഭേദം പടരുന്നുണ്ട്. കോഴികളെയും ഡയറി ഫാമുകളെയും കർഷകത്തൊഴിലാളികളെയും ഇത് സാരമായി ബാധിച്ചു. എന്നാൽ പക്ഷികളിൽ നിന്ന് രോഗം കന്നുകാലികളിലേക്ക് പകർന്നത് സ്ഥിതിഗതികൾ അതീവ ഗൗരവമാക്കി. ഈ സാഹചര്യത്തിലാണ് പക്ഷിപ്പനി കന്നുകാലികളിൽ എങ്ങനെ മറഞ്ഞിരിക്കുന്നുവെന്നതിനെക്കുറിച്ച് അമേരിക്കയിൽ വിശദമായ പഠനം നടന്നത്.

രണ്ടായിരത്തി ഇരുപത്തിനാലിൻ്റെ തുടക്കത്തിൽ അമേരിക്കയിലെ കന്നുകാലികളിൽ രോഗം ബാധിച്ചപ്പോൾ രോഗനിർണയം അവ്യക്തമായിരുന്നു. പശുക്കളിൽ രോഗലക്ഷണങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നതാണ് ഇതിന് കാരണം. മറ്റ് സസ്തനികളിൽ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കിൽ, പശുക്കളിൽ ഇത് അകിടിൽ ഗുരുതരമായ അണുബാധയാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.

സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലധികം പക്ഷികളെയും സസ്തനികളെയും ബാധിക്കുന്ന വൈറസിൻ്റെ പുതിയ രൂപത്തിന് ആദ്യത്തെ ശാസ്ത്രീയ വിശദീകരണം നൽകിയതും ഈ പഠനമാണ്.

അകിടുവീക്കമായി തുടക്കം
ടെക്സസ് പാൻഹാൻഡിലിനടുത്തുള്ള ഡയറി ഫാമുകളിലെ പശുക്കളിലാണ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സസ്തനഗ്രന്ഥികളിലെ കലകളെ നശിപ്പിക്കുന്ന വേദനാജനകമായ കഠിനമായ അകിടുവീക്കമായാണ് വകഭേദം കാണപ്പെട്ടത്. പാലുൽപ്പാദിപ്പിക്കുന്ന മൃഗങ്ങളിൽ ഇത് സാധാരണ കണ്ടുവരുന്ന രോഗമാണെന്ന് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ മൈക്രോബയോളജി വകുപ്പ് മേധാവി സുരേഷ് കുച്ചിപ്പുടി വ്യക്തമാക്കി. കഠിനമായ അകിടുവീക്കത്തിൻ്റെ കാരണങ്ങൾ അന്വേഷിച്ചപ്പോഴാണ് പക്ഷിപ്പനിയാണ് ഇതിന് കാരണമെന്ന് അറിഞ്ഞതെന്നും അപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലികൾ വൈറസിൻ്റെ വാഹകരാകുമെന്ന് അൽപംപോലും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലിലൂടെയുള്ള വൈറസ് വ്യാപനം
വൈറസ് സാന്നിധ്യം തിരിച്ചറിയുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ കന്നുകാലികളിൽ രോഗം ബാധിക്കുകയും അവയുടെ ചുറ്റുപാടുകൾ മലിനമാവുകയും ചെയ്തിരുന്നു. രോഗം ബാധിച്ച പശുവിൻ്റെ പാലിലൂടെ ധാരാളം വൈറസുകൾ പുറത്തുവരുന്നത് ഫാം തൊഴിലാളികൾക്ക് വലിയ തൊഴിൽപരമായ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. പൂച്ചകൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും പാൽ നൽകുന്നതും വലിയ ആശങ്കയ്ക്ക് ഇടയാക്കി. വൈറസ് പടർന്നതോടെ പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണ് ആഴത്തിലുള്ള പഠനത്തിലേക്ക് നയിച്ചത്. പാസ്ചറൈസേഷൻ വഴി വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്നും അതിനാൽ തിളപ്പിക്കാത്ത പാൽ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

തൻ്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ഇൻഫ്ലുവൻസ വൈറസുകളെക്കുറിച്ച് പഠനം നടത്തുന്ന വ്യക്തിയാണ് സുരേഷ് കുച്ചിപ്പുടി. വൈറസുകൾ ഏത് ജീവിവർഗങ്ങളെയും കലകളെയും ബാധിക്കാമെന്ന് നിർണയിക്കുന്ന റിസപ്റ്റർ ബയോളജിയിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോശങ്ങളെ ബാധിക്കാൻ വൈറസുകൾ ഉപയോഗിക്കുന്ന ഗ്ലൈക്കാനുകൾ എന്ന പ്രത്യേക റിസപ്റ്ററുകൾ കോശങ്ങളിൽ ഉണ്ടോയെന്ന് അറിയാനാണ് ഇത്തരം പഠനങ്ങൾ സാധാരണയായി ഉപയോഗിക്കുന്നത്. പശുക്കളുടെ മൂക്കിലും ശ്വാസനാളത്തിലും ശ്വാസകോശത്തിലും ഫ്ലൂവുമായി ബന്ധപ്പെട്ട ഗ്ലൈക്കൻ റിസപ്റ്ററുകൾ ഉണ്ടെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായി. എന്നാൽ മൃഗങ്ങൾക്ക് ശ്വാസകോശ അണുബാധകൾ ഉണ്ടാകുന്നില്ലെന്ന വസ്തുത പഠനത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.

ഗ്ലൈക്കൻ ബയോളജി വളരെ സങ്കീർണമാണെന്ന് സുരേഷ് കുച്ചിപ്പുടി പറഞ്ഞു. പഠനത്തിൻ്റെ ആഴം കൂട്ടുന്നതിനായി കൂടുതൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതുണ്ടെന്നും വൈറസിനെ കോശങ്ങളുമായി ബന്ധിപ്പിക്കാൻ പ്രാപ്തമാക്കുന്ന സൂക്ഷ്മമായ ഘടന രൂപപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ലോറൻ ഇ. പെപ്പിയുമായി അദ്ദേഹം സഹകരിച്ചു. ഗ്ലൈക്കോമിക്സ് എന്ന് വിളിക്കപ്പെടുന്ന ഇവയുടെ ഘടന സമഗ്രമായി പട്ടികപ്പെടുത്തുന്നതിൽ വിദഗ്ധനാണ് ലോറൻ.

പക്ഷിപ്പനി ബാധിച്ച മൃഗങ്ങളിൽ എല്ലാ ഗ്ലൈക്കൻ റിസപ്റ്ററുകളും ഒരുപോലെ പ്രവർത്തിക്കുന്നില്ലെന്ന് പഠനത്തിൽ തെളിഞ്ഞു. ബൈൻഡിങ് പരീക്ഷണങ്ങൾ, സ്റ്റെയിനിങ് രീതികൾ, അൾട്രാഹൈ റെസല്യൂഷൻ ഇമേജിങ് എന്നിവ സംയോജിപ്പിച്ചുള്ള മൾട്ടിമോഡൽ സമീപനമാണ് പഠനത്തിനായി ഉപയോഗിച്ചത്. എൻ ലിങ്ക്ഡ് സിയാലിക് ആസിഡ് റിസപ്റ്ററുകൾ എന്നറിയപ്പെടുന്ന പ്രത്യേക ഉപവിഭാഗത്തിന് മാത്രമേ വൈറസുമായി ബന്ധിപ്പിക്കാൻ കഴിയൂയെന്ന് പഠനം വ്യക്തമാക്കുന്നു.

പശുവിൻ്റെ ശ്വാസകോശ കലകളിൽ ഈ റിസപ്റ്ററുകൾ ഇല്ലായിരുന്നെങ്കിലും അകിടുകളിൽ വ്യാപകമായിരുന്നു. ഇതാണ് അവയെ വൈറസിന് അനുയോജ്യമായ പ്രജനന കേന്ദ്രമാക്കി മാറ്റിയത്. വ്യത്യസ്ത ജീവിവർഗങ്ങളെയും അവയ്ക്കുള്ളിലെ കലകളെയും സംവേദനക്ഷമതയ്ക്കായി മുൻകൂട്ടി പരിശോധിക്കാൻ ഇനി കഴിയുമെന്ന് സുരേഷ് കുച്ചിപ്പുടി പറഞ്ഞു. വൈറസ് പുതിയ ജീവികളിലേക്ക് പടരുമോ എന്ന് കണ്ടെത്താൻ മറ്റ് ശാസ്ത്രജ്ഞർക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു മാതൃക നൽകാനും ഈ ഗവേഷണത്തിന് കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here