തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒൻപത് മണിമുതൽ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കും. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ബുധനാഴ്ച ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവണർക്കു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ജി സുധാകരൻ ചുമതല ഏറ്റെടുത്തു.
പുതിയ സർക്കാരിൻ്റെയും ജനപ്രതിനിധികളുടെയും പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് കൂടിയാണ് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ്. നാളെ (വെള്ളിയാഴ്ച) സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ഈ മാസം 29നാണ് നയപ്രഖ്യാപനം പ്രസംഗം നടക്കുക. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥി. സ്പീക്കർ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ പ്രതിപക്ഷമായ എൽഡിഎഫ് ഇതുവരെ അന്തിമതീരുമാനം സ്വീകരിച്ചിട്ടില്ല. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്.
23 മുതൽ 28 വരെ സഭ ചേരില്ല. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. നിയമസഭാ സമ്മേളനത്തിൻ്റെ തുടർന്നുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മെയ് ഇരുപത്തിയൊൻപതാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. പുതിയ സർക്കാരിന്റെ വരാനിരിക്കുന്ന നയങ്ങളും വികസന പദ്ധതികളും വ്യക്തമാക്കുന്നതായിരിക്കും ഈ പ്രസംഗം. യുഡിഎഫ് സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ജൂൺ അഞ്ചാം തീയതി സഭയിൽ അവതരിപ്പിച്ചേക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതൃപ്തികൾക്കിടയിൽ ഇന്നലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി ഉത്തരവിറങ്ങി. വകുപ്പ് വിഭജനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രി വിഡി സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ നാല് വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലന്‍സ്, കയര്‍ എന്നീ മൂന്നു വകുപ്പുകളാണ് നൽകിയത്. ലത്തീൻ സഭയുടെ കടുത്ത എതിർപ്പ് അവഗണിച്ച് മുസ്ലിം ലീഗിന് വിവാദമായ ഫിഷറീസ് വകുപ്പ് നൽകി എന്നത് ശ്രദ്ധേയമാണ്.
അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ മാണി സി കാപ്പൻ കടുത്ത ഭാഷയിൽ എതിർപ്പ് അറിയിച്ചു. ഇത്തവണ തനിക്ക് മന്ത്രിസ്ഥാനം ഓഫർ ചെയ്തിരുന്നുവെന്നും തൻ്റെ ക്യാബിനറ്റ് പദവിയെ ഒരു ഘടകകക്ഷി എതിർത്തതായും പാലായിൽ നിന്ന് നിയമസഭയിലെത്തിയ മാണി സി കാപ്പൻ പറഞ്ഞു. മന്ത്രി പദം നൽകാത്ത ആദ്യ ടേമിൽ ക്യാബിനറ്റ് പദവി നൽകണമെന്ന് മാണി സി കാപ്പൻ ആവശ്യപ്പെട്ടെന്നാണ് വിവരം.









