എറണാകുളം: വനിത ഉപഭോക്താക്കൾക്കായി സംസ്ഥാനത്ത് സപ്ലൈകോയുടെ പുതിയ സമ്മാനം. ശബരി ബ്രാൻഡ് ഉത്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവ് നൽകുന്ന ‘വിമൺസ് 11’ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 വനിത ജനപ്രതിനിധികളെ ആദരിക്കുന്നതിനാണ് ഈ വേറിട്ട പദ്ധതി നടപ്പാക്കുന്നത്. മെയ് 11 മുതൽ 11 ദിവസത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 ശബരി ഉത്പന്നങ്ങൾ 11 ശതമാനം വിലക്കുറവിൽ സ്ത്രീകൾക്ക് ലഭിക്കും.
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ നൽകുന്ന മികച്ച സംഭാവനകളെ ഉയർത്തിക്കാട്ടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സപ്ലൈകോ അധികൃതർ വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ വലിയ തോതിൽ അലട്ടുന്ന സമയത്താണ് ആശ്വാസമായി ഈ പ്രഖ്യാപനം വരുന്നത്. അടുക്കളയിലെ സാധനങ്ങൾക്ക് ലഭിക്കുന്ന വിലക്കുറവ് സാധാരണക്കാരായ വീട്ടമ്മമാർക്ക് വലിയ ആശ്വാസമാണ് നൽകുക.
വനിത നേതൃത്വങ്ങളെ അംഗീകരിക്കുന്നതിനൊപ്പം സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സപ്ലൈകോ മുൻകൈയെടുക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും വ്യാപാരികളുടെ കൊള്ളലാഭം തടയുന്നതിലും സപ്ലൈകോ എക്കാലവും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പൊതുകമ്പോളത്തിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിക്കുന്ന സപ്ലൈകോയുടെ പുതിയ നീക്കവും വലിയ ജനശ്രദ്ധ നേടുകയാണ്.
വിലക്കുറവുള്ള ഉത്പന്നങ്ങൾ
മെയ് 21 വരെ നീളുന്ന ഓഫറിലൂടെ ശബരി വെളിച്ചെണ്ണ, അപ്പംപൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നീ ഉത്പന്നങ്ങളാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത്. സബ്സിഡി സാധനങ്ങൾക്കും അല്ലാത്തവയ്ക്കും ജനങ്ങൾ ഏറെ ആശ്രയിക്കുന്ന സപ്ലൈകോയുടെ ഈ പദ്ധതി സാധാരണക്കാർക്ക് വലിയ ഗുണകരമാകും.
പുതിയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഉത്പന്നങ്ങൾ വാങ്ങാൻ മാവേലി സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും മികച്ച സൗകര്യമൊരുക്കിയിട്ടുണ്ട്.
ശ്രദ്ധേയമായി മുൻ പദ്ധതികളും
സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവരെ ആകർഷിക്കാൻ സപ്ലൈകോ വൈവിധ്യമാർന്ന ക്യാമ്പയിനുകൾ നേരത്തെയും നടത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ പ്രേരിപ്പിക്കാൻ ജില്ല ഭരണകൂടവും സ്വീപ്പും സപ്ലൈകോയും ചേർന്ന് നടപ്പാക്കിയ ‘വോട്ടുചെയ്യു പുട്ടടിക്കൂ’ പദ്ധതി മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ജനാധിപത്യ പ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു ക്യാമ്പയിൻ്റെ പ്രധാന ലക്ഷ്യം.
വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷിയടയാളം കാണിക്കുന്നവർക്ക് വെറും ഒരുരൂപ നിരക്കിൽ ഒരുകിലോ ശബരി പുട്ടുപൊടിയാണ് അന്ന് നൽകിയത്. സപ്ലൈകോയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്കായിരുന്നു ഈ ആനുകൂല്യം ലഭ്യമാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 10, 11 തീയതികളിൽ ഔട്ട്ലെറ്റുകളിൽ എത്തിയ നിരവധി വോട്ടർമാർ ഓഫർ ഉപയോഗപ്പെടുത്തി. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിൽ സർക്കാർ സ്ഥാപനം എപ്രകാരം സർഗാത്മകമായി ഇടപെടാം എന്നതിൻ്റെ മികച്ച ഉദാഹരണമായിരുന്നു ഇത്.
സാമൂഹിക പ്രതിബദ്ധത
വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വലിയ തോതിൽ ആശ്രയിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലുകളിലൂടെ ജനങ്ങളുമായി കൂടുതൽ അടുക്കാനാണ് സ്ഥാപനത്തിൻ്റെ നിരന്തരമായ ശ്രമം. സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോ അതിൻ്റെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും വ്യാപിച്ചുകിടക്കുന്ന സപ്ലൈകോ ശൃംഖല വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സ്ത്രീശാക്തീകരണത്തിനും ജനകീയ സേവനത്തിനുമുള്ള സപ്ലൈകോയുടെ കരുതൽ കൂടിയാണ് വിമൺസ് 11 പദ്ധതി. ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകൾ സപ്ലൈകോയുടെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. കുടുംബ ബജറ്റ് താളം തെറ്റാതെ കാത്തുസൂക്ഷിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്ക് ഇത്തരം പദ്ധതികൾ വലിയൊരളവിൽ കരുത്താകും. ചുരുങ്ങിയ നിരക്കിൽ സുതാര്യമായ സേവനം നൽകി സപ്ലൈകോ ജനകീയ മുഖം ഒന്നുകൂടി വ്യക്തമാക്കുകയാണ്.









