ഇടുക്കി: ഹൈറേഞ്ചുകാരുടെ സ്വപ്നപദ്ധതിയായ കൊച്ചി – തേനി ഗ്രീൻ ഫീൽഡ് ആറുവരി പാത ഉപേക്ഷിച്ചതായി ദേശീയ പാത അതോറിറ്റി. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് 21ന് ലഭിച്ച മറുപടിയിലാണ് പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ചത്.
ഇതോടെ ജില്ലയുടെ വലിയ പ്രതീക്ഷയായിരുന്ന ഹൈവേ പ്രൊജക്റ്റിൻ്റെ സാധ്യത പഠന നടപടികളും നിർത്തിവച്ചു. നിലവിലെ പാതകളിലൂടെ അല്ലാതെ മലയോര മേഖലയിൽ പുതിയ പാത നിർമിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഹൈറേഞ്ച് മേഖലയിൽ ഭൂമി ഏറ്റെടുക്കുന്നതും നിർമാണ പ്രവർത്തനങ്ങളും വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇതുകാരണം ഡിപിആർ നടപടികൾ നിർത്തിവച്ചതായാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. കൊച്ചിയിൽ ആരംഭിച്ച് മൂവാറ്റുപുഴ, നെടുങ്കണ്ടം വഴി തമിഴ്‌നാട്ടിലെ തേനിയിൽ എത്തുന്ന തരത്തിലായിരുന്നു പാത വിഭാവനം ചെയ്തിരുന്നത്.
സാമ്പത്തിക ബാധ്യത തടസമായി
ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയെയും മധുരയെയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ ഫീൽഡ് ഹൈവേ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. പാതയുടെ സാധ്യതകൾ വിലയിരുത്തുന്നതിനും അലൈൻമെൻ്റ് നിർണയിക്കുന്നതിനുമായി പ്രാഥമിക നടപടികൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് കാരണമാകുമായിരുന്ന പദ്ധതിയാണ് തുടക്കത്തിൽതന്നെ ഉപേക്ഷിക്കപ്പെട്ടത്.
ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി വലിയ തുക വേണ്ടിവരുമെന്നത് ഹൈവേ വികസനത്തിന് എക്കാലത്തും തിരിച്ചടിയാകാറുണ്ട്. മലയോര മേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും നിർമാണത്തിന് വെല്ലുവിളിയാകുമെന്ന വിലയിരുത്തലുമുണ്ട്. ഗ്രീൻ ഫീൽഡ് ഹൈവേ പ്രൊജക്റ്റിലെ പ്രതിസന്ധികൾ നീക്കി നടപടികൾ പുനരാരംഭിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വികസന പ്രതീക്ഷകൾക്ക് മങ്ങൽ
കൊച്ചിയിൽനിന്ന് ആരംഭിച്ച് എറണാകുളം, ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പാത ഇടുക്കിയുടെ മലയോര മേഖലകൾക്ക് വലിയ ഉണർവ് നൽകുമെന്നായിരുന്നു പ്രതീക്ഷ. പുതിയ പാത യാഥാർഥ്യമായാൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരക്കുനീക്കവും ഗതാഗതവും കൂടുതൽ സുഗമമാകും. കാർഷിക മേഖലയ്ക്കും ഇത് വലിയ ആശ്വാസമാകുമായിരുന്നു.
ഇടുക്കിയുടെ ടൂറിസം മേഖലയ്ക്കും സുഗന്ധവ്യഞ്ജന വ്യാപാരത്തിനും പുതിയ ഹൈവേ വലിയ സാധ്യതകൾ തുറന്നിടുമായിരുന്നു. വ്യാവസായിക മേഖലയ്ക്കും പദ്ധതി ഗുണകരമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. കൊച്ചി തുറമുഖത്തേക്കുള്ള ചരക്കുനീക്കം വേഗത്തിലാക്കാൻ പുതിയ ഗ്രീൻ ഫീൽഡ് പാതയ്ക്ക് കഴിയുമായിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ഈ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റത്.
വികസന രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതി ഉപേക്ഷിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരക്കുനീക്കവും ഗതാഗതവും കൂടുതൽ സുഗമമാക്കാൻ ഈ പദ്ധതിക്ക് കഴിയുമായിരുന്നുവെന്ന് ഇടുക്കി നെടുങ്കണ്ടം സ്വദേശി റെനീഷ് ലോറൻസ് വ്യക്തമാക്കി.
ടൂറിസം, സുഗന്ധവ്യഞ്ജന ചരക്കുനീക്ക രംഗത്തും വലിയ പ്രതീക്ഷയായിരുന്നു ഗ്രീൻ ഫീൽഡ് ഹൈവേ. അതിനാൽ എത്രയും വേഗം ജനപ്രതിനിധികളുടെയും സർക്കാരിൻ്റെയും ഇടപെടലുകൾ വിഷയത്തിൽ ഉണ്ടാകണമെന്നും നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന ആവശ്യവും ശക്തമാണ്.









