തനിക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എൽദോസ് സ്ഥിരീകരിച്ചു.സീറ്റു ചർച്ചകൾക്കായി ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു എൽദോസിന്റെ പ്രതികരണം. തന്നോട് പാർട്ടി നീതികേട് കാണിക്കരുതെന്നും എൽദോസ് പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിയെ മാറ്റി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാൽ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും പ്രചരിക്കുന്നുണ്ട്. വി.ഡി. സതീശന്റെ വിശ്വസ്തൻ കൂടിയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളിയുടെ കേസ് മാർച്ച് 26-ന് പരിഗണിക്കുകയാണ്.








