എസ്ഐആര്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി ആലപ്പുഴ

0
20

എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന 16.16 ലക്ഷം വോട്ടര്‍മാരില്‍ 14.71 ലക്ഷം പേരെ 2002 ലെ വോട്ടര്‍ പട്ടികയുമായി വിജയകരമായി ബന്ധിപ്പിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്‌ഐആര്‍) സംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി ആലപ്പുഴ. ജില്ലാ കലക്‌ടറാണ് പുതിയ നേട്ടം കൈവരിച്ച കാര്യം അറിയിച്ചത്. എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന 16.16 ലക്ഷം വോട്ടര്‍മാരില്‍ 14.71 ലക്ഷം പേരെ 2002 ലെ വോട്ടര്‍ പട്ടികയുമായി വിജയകരമായി ബന്ധിപ്പിച്ചു.

കൂടാതെ 2002 ലെ പട്ടികയുമായി ബന്ധപ്പെടുത്താൻ കഴിയാതിരുന്ന 1,45,411 വോട്ടര്‍മാരുടെയും വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്ന 1,10,683 വോട്ടര്‍മാരുടെയും ഹിയറിംഗ് നടത്തി രേഖകള്‍ പരിശോധിച്ച് അപ്‌ലോഡ് ചെയ്ത് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.

പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം 16,12,110 പേർ അന്തിമ വോട്ടര്‍ പട്ടികയിലേക്ക് യോഗ്യത നേടി. മരണപ്പെട്ടതും താമസം മാറിയതും മറ്റ് കാരണങ്ങളാലും അയോഗ്യരാക്കപ്പെട്ടത് 4,438 വോട്ടര്‍മാരാണ്. പുതുതായി അപേക്ഷിക്കുന്ന വോട്ടര്‍മാരെയും കൂടി ഉള്‍പ്പെടുത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

ജില്ലയിലെ ബിഎല്‍ഒമാര്‍, ബില്‍ഒ സൂപ്പര്‍വൈസര്‍മാരായ വില്ലേജ് ഓഫീസര്‍മാര്‍, അഡീഷണല്‍ എഇആര്‍ഒ മാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, എഇആര്‍ഒമാരായ തഹസില്‍ദാര്‍മാര്‍, ഇആര്‍ഒമാരായ ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ദിവസേന പുരോഗതി വിലയിരുത്തിയാണ് നമുക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് കലക്‌ടര്‍ വ്യക്തമാക്കി.

എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ആഴ്ചതോറും ജില്ലാ-നിയോജക മണ്ഡല തലങ്ങളില്‍ യോഗങ്ങള്‍ നടത്തി. ബൂത്ത് ലെവല്‍ ഏജന്‍റുമാരുടെ സഹകരണത്തോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിഎല്‍ഒമാര്‍ മുതല്‍ എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും കലക്‌ടര്‍ കുറിച്ചു.

എസ്ഐആര്‍ നടപടിക്രമങ്ങൾ സംസ്ഥാനത്ത് തന്നെ ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കിയത് കുട്ടനാട് നിയോജക മണ്ഡലം ആയിരുന്നു. എസ്ഐആര്‍ കരട് വോട്ടര്‍ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 1,50,189 വോട്ടര്‍മാരിൽ, 2002 ലെ എസ്ഐആര്‍ പട്ടികയുമായി ബന്ധിപ്പിക്കാൻ സാധിക്കാതിരുന്ന 7,057 പേരുടെയും, ലോജിക്കൽ ഡിസ്ക്രിപ്പൻസി ഉണ്ടായിരുന്ന 15,323 പേരുടെയും ഹിയറിംഗ് നടത്തി രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് അപ്‌ലോഡ് ചെയ്ത് എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കി. അന്തിമ വോട്ടര്‍ പട്ടികയിൽ 1,49,658 പേർക്ക് യോഗ്യത ഉറപ്പാക്കി. മരണം, താമസം മാറൽ ഉൾപ്പെടെയുള്ള കാരണങ്ങളാൽ 531 പേരെ അയോഗ്യരാക്കുകയും ചെയ്തിരുന്നു.

അതേസമയം, ആലപ്പുഴയെ കൂടാതെ തിരുവനന്തപുരം, എറണാകുളം ജില്ലകളും ഹിയറിങ് നടപടികൾ പൂർത്തിയാക്കി. കൊല്ലം, തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽ ഹിയറിങ് നടപടികൾ അവസാന ഘട്ടത്തിലാണ്. ഫെബ്രുവരി 12-ഓടെ എല്ലാ ജില്ലകളിലും ഹിയറിങ് പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നു. സംസ്ഥാനവ്യാപകമായി ഇതുവരെ 36.02 ലക്ഷം എൻട്രികളിൽ ഹിയറിങ് പൂർത്തിയായി. ഹിയറിംഗിലൂടെ ഇതുവരെ 28,158 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

ഇതിൽ 3,522 പേർ മരണപ്പെട്ടവരും, 1,361 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും, 23,275 പേർ താമസം മാറിയവരുമാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരട്ട വോട്ടുകളും വ്യാജ വോട്ടുകളും ഇല്ലാത്ത സുതാര്യമായ വോട്ടർ പട്ടിക ഉറപ്പാക്കാനാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here